റഷ്യൻ ആക്രമണത്തിൽ യുഎസ് ജേണലിസ്റ്റ് കൊല്ലപ്പെട്ടു
കീവ് : യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ യുഎസ് ജേണലിസ്റ്റ് കൊല്ലപ്പെട്ടു. ന്യൂയോർക്ക് ടൈംസിന്‍റെ കോൺട്രിബ്യൂട്ടറായി പ്രവർത്തിച്ചിരുന്ന ബ്രൻഡ് റെനോഡ് ആണ് കൊല്ലപ്പെട്ടത്. അന്താരാഷ്‌ട്ര വാർത്താ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രൈനിലെ ഇർപിനിലുണ്ടായ ആക്രമണത്തിലാണ് ജേണലിസ്റ്റ് കൊല്ലപ്പെട്ടത്. രണ്ട് ജേണലിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ സേനയുടെ ആക്രമണത്തിലാണ് ജേണലിസ്റ്റ് കൊല്ലപ്പെട്ടതെന്ന് യുക്രൈൻ പാർലമെന്‍റ് അംഗം ഇന്ന സോവ്‌സൺ പറഞ്ഞു.
ബ്രൻഡ് റെനോഡിന്‍റെ മരണത്തിൽ അതീവ ദുഖിതരാണ് ഞങ്ങൾ. മികച്ച ഫിലിംമേക്കറായ ബ്രൻഡ് വർഷങ്ങളായി ന്യൂയോർക്ക് ടൈംസിന്‍റെ കോൺട്രിബ്യൂട്ടറാണ്. അവസാനമായി 2015ലാണ് ന്യൂയോർക്ക് ടൈംസിനൊപ്പം പ്രവർത്തിച്ചതെന്നും പബ്ലിക്കേഷന്‍റെ യുക്രൈൻ സംഘത്തിൽ റെനോഡ് ഉണ്ടായിരുന്നില്ലെന്നും ന്യൂയോർക്ക് ടൈംസ് പ്രസ്‌താവനയിൽ അറിയിച്ചു. അതേ സമയം ന്യൂയോർക്ക് ടൈംസിന്‍റെ ഐ.ഡി കാർഡ് ബ്രൻഡ് ധരിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

യുക്രൈനിൽ ഇതിനകം സാധാരണക്കാരായ ആയിരക്കണക്കിന് പേരാണ് റഷ്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേ സമയം സാധാരാണക്കാരെ രക്ഷപ്പെടുത്താൻ യുക്രൈൻ പരാജയപ്പെടുന്നുവെന്നാണ് റഷ്യൻ സേനയുടെ ആരോപണം.
കീവിലെ വാസിൽകീവ് മേഖലയിലെ യുക്രൈനിയൻ എയർബേസിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മേഖലയിലെ മേയറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാദൗത്യ സമയത്തും റഷ്യൻ സേന ആക്രമണം നടത്തുകയാണെന്നും ശനിയാഴ്‌ച മാത്രമായി 13,000ത്തോളം പേരെ നഗരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യൻ സേന ആക്രമണം ശക്തമാക്കുന്നതിനെ തുടർന്ന് യുക്രൈന് കൂടുതൽ ആയുധങ്ങൾക്കും ഉപകരണങ്ങൾക്കുമായി അമേരിക്ക 200 മില്യൺ ഡോളർ അനുവദിച്ചു. വൈറ്റ്ഹൗസിന്‍റെ ട്വിറ്റർ ഹാൻഡിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 2021 ജനുവരി മുതൽ യുക്രൈന് യുഎസിന്‍റെ മൊത്തം സുരക്ഷാ സഹായം 1.2 ബില്യൺ ഡോളറായി. യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
റഷ്യൻ സേന വീണ്ടും യുക്രൈനിൽ നിന്ന് മേയറെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ ആരാേപിച്ചു. യുക്രൈൻ വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈൻ ജനതയിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് അധിനിവേശം നടത്തുന്നവർ തീവ്രവാദികൾ ആകുകയാണ്. യുക്രൈനും ജനാധിപത്യത്തിനും മേൽ റഷ്യ നടത്തുന്ന തീവ്രവാദം അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സംഘടനകളോട് ആവശ്യപ്പെടുകയാണെന്ന് ട്വിറ്റററിലൂടെ പറഞ്ഞു.












Click it and Unblock the Notifications