സമ്മാനമില്ലെന്ന് കരുതി ടിക്കറ്റെല്ലാം വലിച്ചെറിയുന്നതിലെത്തി, അവസാനമായി നോക്കിയപ്പോള്‍ ജാക്‌പോട്ട്
വാഷിംഗ്ടണ്‍: ചിലര്‍ക്ക് ഭാഗ്യം ഒപ്പമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ല. അങ്ങനെയുള്ളവര്‍ ആ ഭാഗ്യത്തിലൂടെ ലഭിച്ച കാര്യങ്ങള്‍ നഷ്ടപ്പെടുത്താറാണ് പതിവ്. പിന്നീട് അത് തിരിച്ചറിഞ്ഞ് നിരാശപ്പെടുന്നതും കാണാം. അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരു വയോധികന് അതുപോലെ ലോട്ടറിയില്‍ വലിയൊരു നേട്ടം തേടി വന്നിരുന്നു.
പക്ഷേ അത് തിരിച്ചറിയാന്‍ വൈകിപ്പോയി. പക്ഷേ ആ സമ്മാനം അയാളെ വിട്ടുപോയില്ല. വലിയ നേട്ടമാണ് മേരിലാന്‍ഡുകാരന് ലഭിച്ചിരിക്കുന്നത്. ഒരുപക്ഷേ ആ ചെറിയൊരു ചിന്ത അയാള്‍ക്കുണ്ടായിട്ടില്ലെങ്കില്‍ സമ്മാനം ആര്‍ക്കും കിട്ടാത്തായി പോവുമായിരുന്നു. ഭാഗ്യം ഒപ്പമുണ്ടെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.

കളയാനായി തീരുമാനിച്ച ടിക്കറ്റ്
മേരിലാന്‍ഡിലെ ഡന്‍ഡോള്‍ക്കില്‍ നിന്നുള്ള 73കാരനാണ് വലിയൊരു ഭാഗ്യത്തിലൂടെ സമ്മാനം നേടിയിരിക്കുന്നത്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ലോട്ടറികളുടെ വലിയ ആരാധകനാണ് ഇയാള്‍. എന്നാല്‍ തന്റെ കൈയ്യിലുള്ള ടിക്കറ്റുകളെല്ലാം കളയാനായി തീരുമാനിച്ചിരുന്ന ടിക്കറ്റുകളാണെന്ന് ഈ വയോധികന്‍ സമ്മതിക്കുന്നു.
പ്രധാന കാരണം ഇതിനൊന്നും സമ്മാനമില്ലെന്ന് ഇയാള്‍ തെറ്റിദ്ധരിച്ചതാണ്. ഒന്നിന് മാത്രമേ സമ്മാനമുള്ളൂ എന്ന് കരുതി നിരാശപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. ഒന്നില്‍ അധികം ടിക്കറ്റുകള്‍ വാങ്ങുന്ന ശീലം കൂടി ഇയാള്‍ക്കുണ്ട്. അതും ഇവിടെ നേട്ടമായി മാറുകയായിരുന്നു.
ടിക്കറ്റുകള്‍ വാങ്ങിയത് ഇങ്ങനെ
വയോധികന്‍ ബിങ്കോ എക്‌സ്10 ടിക്കറ്റുകളാണ് വാങ്ങിയിരുന്നത്. ഡന്‍ഡോള്‍ക്കിലെ ഹൈ സ്‌റ്റോറില്‍ നിന്നാണ് നിരവധി ലോട്ടറി ആ ദിവസം ഇയാള്‍ വാങ്ങിയത്. ഇതെല്ലാം സ്‌ക്രാച്ച് ചെയ്ത് നോക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഒരു ടിക്കറ്റിന് പത്ത് ഡോളര്‍ സമ്മാനമടിച്ചിട്ടുണ്ടെന്ന് ഇയാള്‍ മനസ്സിലാക്കി.
എന്നാല്‍ ബാക്കിയെല്ലാം വെറുതെയായെന്ന നിരാശയിലായിരുന്നു വയോധികന്‍. ആ നിരാശയിലാണ് ടിക്കറ്റ് കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ ജീവിതം തന്നെ മാറ്റിമറിക്കുന്നൊരു ലോട്ടറി അതിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതേയില്ല. ആ ടിക്കറ്റ് അടക്കമാണ് സമ്മാനമില്ലെന്ന് കരുതി ഇയാള്‍ കളയാന്‍ തീരുമാനിച്ചത്.
അവസാനമായി പരിശോധിച്ചു
ടിക്കറ്റുകള്‍ വലിച്ചെറിയാനായി പോകുമ്പോഴാണ് മനസ്സില്‍ ചെറിയൊരു സംശയം വന്നതെന്ന് ഇയാള്‍ പറയുന്നു. ഉടനെ തന്നെ ടിക്കറ്റുകള്‍ രണ്ടാമതും പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത് തന്നെയുള്ള കടയില്‍ കയറി ടിക്കറ്റ് പരിശോധിക്കാന്‍ തുടങ്ങി. സമ്മാനമടിച്ച ടിക്കറ്റില്‍ ഗോ ടു ലോട്ടറി എന്നായിരുന്നു പറഞ്ഞിരുന്നത്.
ഇതോടെ ഇയാള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. ഉടനെ തന്നെ കടയിലെ ക്ലര്‍ക്കിനെ വിളിച്ച് സഹായിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വമ്പന്‍ തുകയുടെ ജേതാവാണ് താനെന്ന് മനസ്സിലായത്. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനം അടിച്ചത്. 82 ലക്ഷം രൂപയോളം വരുമിത്. ചില ബിലുകള്‍ അടച്ച് തീര്‍ക്കാന്‍ ഈ പണം സഹായിക്കുമെന്നും വയോധികന്‍ പറഞ്ഞു.












Click it and Unblock the Notifications