യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ മിന്നും ജയവുമായി ഇന്ത്യന്‍ വംശജരും; ഇനി നിര്‍ണായക പദവിയില്‍
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ്, സംസ്ഥാന തലങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പലരും വിജയം കൈവരിച്ചു. ഫ്‌ലോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിയ ദാന്ദിയ വിജയിച്ചു. വിര്‍ജീനിയയില്‍ സുഹാസ് സുബ്രഹ്‌മണ്യം തന്റെ സീറ്റ് നിലനിര്‍ത്തി.
മേരിലാന്‍ഡ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അരുണ മില്ലര്‍, ഗവര്‍ണര്‍ വെസ് മൂറിനൊപ്പം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും, എല്ലാ ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ഈ തിരഞ്ഞെടുപ്പ് വിജയകരമായിരുന്നില്ല. ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിവേക് രാമസ്വാമി, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആമി ആക്റ്റനോട് പരാജയപ്പെട്ടു.

ഈ സംസ്ഥാനത്തിന്റെ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ആമി ആക്റ്റന്‍. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, ഈ ഫലങ്ങള്‍ ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയക്കാരെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.
പിയ ദാന്ദിയ
ഫ്‌ലോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേസി അസ്‌കറിനെ പരാജയപ്പെടുത്തിയാണ് പിയ ദാന്ദിയ വിജയിച്ചത്. ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ഇന്ത്യന്‍ വംശജരില്‍ ഒരാളായി അവര്‍ മാറി. ഇന്ത്യന്‍ കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച ദാന്ദിയ പാം ബീച്ച് കൗണ്ടിയിലാണ് ജനിച്ചുവളര്‍ന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിച്ചത്.
ഹാര്‍ലെമില്‍ അധ്യാപികയായും ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, വൈറ്റ് ഹൗസ് ഫെല്ലോ ആയും ആപ്പിള്‍ കമ്പനിയിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ദാന്ദിയയുടെ പ്രചാരണം.
2026 മെയ് മാസത്തില്‍ ഫ്‌ലോറിഡയിലെ നിയമനിര്‍മ്മാതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് മണ്ഡലങ്ങളുടെ അതിരുകള്‍ പുനര്‍നിര്‍ണ്ണയിക്കുകയും, 22-ാം മണ്ഡലത്തിന്റെ അതിര്‍ത്തികളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. പാം ബീച്ച്, ബ്രോവാര്‍ഡ്, ഹെന്‍ഡ്രി, കോളിയര്‍ കൗണ്ടികളുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മണ്ഡലം.
ദാന്ദിയയുടെ എതിരാളിയായിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേസി അസ്‌കര്‍, നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയും റെസ്റ്റോറന്റ് ശൃംഖലയുടെ നടത്തിപ്പുകാരനും മുന്‍ മറൈന്‍ കോര്‍പ്‌സ് അംഗവുമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് പിന്തുണ നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.
സുഹാസ് സുബ്രഹ്‌മണ്യം
വിര്‍ജീനിയയിലെ പത്താമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡേവ് ടി. ബെക്ക്വിത്തിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍-അമേരിക്കന്‍ ഡെമോക്രാറ്റായ സുഹാസ് സുബ്രഹ്‌മണ്യം തന്റെ സീറ്റ് നിലനിര്‍ത്തിയത്. സുബ്രഹ്‌മണ്യത്തിന് 63.16 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബെക്ക്വിത്തിന് 34.66 ശതമാനം വോട്ടുകള്‍ ലഭിച്ചു. വിദ്വേഷവും വിവേചനവും വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, രാഷ്ട്രീയ പ്രക്രിയയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി, വോട്ട് ചെയ്യാന്‍ അദ്ദേഹം ഇന്ത്യന്‍-അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സഹായം തുടങ്ങിയ ദൈനംദിന വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം. 1979-ല്‍ വിര്‍ജീനിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച അദ്ദേഹം, ഈ സംസ്ഥാനത്തെ പത്താമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍-അമേരിക്കക്കാരനാണ്. അദ്ദേഹത്തിന്റെ അമ്മ ബെംഗളൂരു സ്വദേശിയാണ്. പിതാവ് വളര്‍ന്നത് ചെന്നൈയിലും സെക്കന്തരാബാദിലുമാണ്.
അരുണ മില്ലര്‍
ഡെമോക്രാറ്റിക് ഗവര്‍ണര്‍ വെസ് മൂറിനൊപ്പം മത്സരിച്ചാണ് മേരിലാന്‍ഡ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അരുണ മില്ലര്‍ മറ്റൊരു ടേം കൂടി ഉറപ്പാക്കിയത്. ഡെമോക്രാറ്റിക് ടിക്കറ്റില്‍ ഒരുമിച്ച് മത്സരിച്ച ഇവര്‍, മുന്‍ സ്റ്റേറ്റ് ഡെലിഗേറ്റ് ഡാന്‍ കോക്‌സ് നയിച്ച റിപ്പബ്ലിക്കന്‍ ടീമിനെ പരാജയപ്പെടുത്തി. ഡാന്‍ കോക്‌സിനൊപ്പം ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി റോബ് ക്രോപ്പാണ് മത്സരിച്ചത്. മില്ലറുടെ വിജയം, സംസ്ഥാനത്തെ രണ്ടാമത്തെ ഉയര്‍ന്ന എക്‌സിക്യൂട്ടീവ് പദവിയില്‍ അവര്‍ തുടരുമെന്ന് ഉറപ്പാക്കുന്നു.
അമേരിക്കന്‍ സംസ്ഥാന സര്‍ക്കാരുകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന, ഇന്ത്യന്‍ വംശജരായ പ്രമുഖ രാഷ്ട്രീയക്കാരില്‍ ഒരാളാണ് അവര്‍.
വിവേക് രാമസ്വാമി
ഇന്ത്യന്‍ വംശജരായ പല സ്ഥാനാര്‍ത്ഥികളും വിജയിച്ചപ്പോള്‍, ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള വിവേക് രാമസ്വാമിയുടെ ത്സരം പരാജയത്തില്‍ കലാശിച്ചു. ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി, ഒഹായോയുടെ ആദ്യ വനിതാ ഗവര്‍ണറായി ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ആമി ആക്ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ സംസ്ഥാനത്ത് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേടുന്ന ആദ്യ വിജയമാണിത്.
കൊവിഡ് മഹാമാരിയുടെ കാലത്ത് ഒഹായോയുടെ ആരോഗ്യ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഡോക്ടറായ ആക്ടണ്‍, ആരോഗ്യപരിരക്ഷ എല്ലാവര്‍ക്കും താങ്ങാനാവുന്നതും ലഭ്യവുമാക്കുക എന്നതിനെ തന്റെ പ്രചാരണത്തിലെ പ്രധാന വിഷയമാക്കി മാറ്റിയിരുന്നു. കാലാവധി പരിധി കാരണം വീണ്ടും മത്സരിക്കാന്‍ കഴിയാത്ത റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മൈക്ക് ഡിവൈനിന് പകരമായാണ് ആക്ടണ്‍ അധികാരമേല്‍ക്കുന്നത്.
വ്യവസായിയും മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുമായ രാമസ്വാമിക്ക് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ സഖ്യകക്ഷികളുടെയും ശക്തമായ പിന്തുണ ലഭിച്ചിരുന്നു.
റോ ഖന്ന
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വംശജരായ മറ്റ് രാഷ്ട്രീയക്കാരും മത്സരിച്ചിരുന്നു. കാലിഫോര്‍ണിയയിലെ 17-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ റോ ഖന്ന വീണ്ടും വിജയിച്ചു.
അമി ബെറ
കാലിഫോര്‍ണിയയിലെ മൂന്നാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോബ് ടക്കറെ പരാജയപ്പെടുത്തി ഇന്ത്യന്‍-അമേരിക്കന്‍ ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാവ് അമി ബെറ യുഎസ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 61-കാരനായ ബെറ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലേക്ക് തുടര്‍ച്ചയായി എട്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
ആതുരസേവനത്തില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ബെറ, യു.എസ്. കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തിയാണ്. ആരോഗ്യരംഗത്തും നയതന്ത്രരംഗത്തും ശക്തമായ നിലപാടുകള്‍ ഉയര്‍ത്തുന്ന നേതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. 2013-ലാണ് അദ്ദേഹം ആദ്യമായി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ അദ്ദേഹം അംഗമാണ്. 1965-ല്‍ ലോസ് ഏഞ്ചല്‍സില്‍, ഗുജറാത്തി കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്കാണ് ബെറ ജനിച്ചത്. കാലിഫോര്‍ണിയയിലെ പബ്ലിക് സ്‌കൂളുകളില്‍ പഠിച്ച അദ്ദേഹം, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ഇര്‍വിനില്‍ നിന്ന് ബയോളജിക്കല്‍ സയന്‍സസില്‍ ബിരുദവും തുടര്‍ന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദവും നേടി.
2013ലാണ് ബെറ ആദ്യമായി യു.എസ്. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കൂടുതല്‍ വോട്ടുകള്‍ നേടി അദ്ദേഹം വിജയം ആവര്‍ത്തിച്ചു. വൈദ്യശാസ്ത്രത്തിലും പൊതുജനാരോഗ്യത്തിലുമുള്ള അദ്ദേഹത്തിന്റെ പശ്ചാത്തലം കോണ്‍ഗ്രസിലെ പ്രവര്‍ത്തനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
താങ്ങാനാവുന്ന ആരോഗ്യപരിരക്ഷയ്ക്കും, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിലെ ആഗോള നയതന്ത്ര ബന്ധങ്ങള്‍ക്കും അദ്ദേഹം മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്നു.


Click it and Unblock the Notifications
