യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; പൂര്‍ണവിജയം അവകാശപ്പെടാനാകാതെ ട്രംപും ബൈഡനും
വാഷിംഗ്ടണ്‍: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാമെന്ന് കരുതിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കുന്നതാണ് അവസാന നിമിഷങ്ങളിലെ ഫലസൂചനകള്‍ നല്‍കുന്നത്.
യു എസ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 46 സീറ്റില്‍ ഡെമോക്രാറ്റുകളും 48 സീറ്റില്‍ റിപ്പബ്ലിക്കന്‍സും ലീഡ് ചെയ്യുന്നു എന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 51 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

സെനറ്റില്‍ നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള സീറ്റ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ഫെറ്റര്‍മാന്‍ നേടിയിട്ടുണ്ട്. എങ്കിലും രണ്ട് സീറ്റിലെ ലീഡ് റിപ്പബ്ലിക്കന്‍സിന് ആശ്വാസകരമാണ്. അരിസോണയിലെയും നെവാഡയിലേയും ഫലമായിരിക്കും സെനറ്റിലെ ഭൂരിപക്ഷത്തില്‍ നിര്‍ണായകമാകുക.
ജനപ്രതിനിധി സഭയില്‍ മേല്‍ക്കൈ റിപ്പബ്ലിക്കന്‍സിനുണ്ട്. 203 സീറ്റില്‍ റിപ്പബ്ലിക്കന്‍സും 176 സീറ്റില്‍ ഡെമോക്രാറ്റുകളും ആണ് ലീഡ് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ജനപ്രതിനിധി സഭയില്‍ സമ്പൂര്‍ണ അധികാരമുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഡെമോക്രാറ്റുകള്‍ക്കില്ല.
ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതോടൊപ്പം തന്നെ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും പൂര്‍ത്തിയായിരുന്നു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ 21 ഇടത്ത് ഡെമോക്രാറ്റുകളും 24 ഇടത്ത് റിപ്പബ്ലിക്കന്‍സുമാണ് ലീഡ് ചെയ്യുന്നത്.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിശക്തമായി പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പാണ് ഇത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ട്രംപിന് നേടാനായില്ല എന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. അതേസമയും ജോ ബൈഡനും ഫലസൂചനകള്‍ ആശാവഹമല്ല.
100 അംഗ യു എസ് സെനറ്റില്‍ നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് 48 സീറ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 50 സീറ്റും ആണ് ഉള്ളത്. യു എസ് സെനറ്റിലെ രണ്ട് പേര്‍ സ്വതന്ത്രരാണ്. യു എസ് ജനപ്രതിനിധി സഭയിലാകട്ടെ ഡെമോക്രാറ്റുകള്‍ക്ക് 220 സീറ്റും റിപ്പബ്ലിക്കന്‍ കക്ഷിക്ക് 212 സീറ്റും ആണ് ഉള്ളത്.












Click it and Unblock the Notifications