അമേരിക്കന്‍ ആകാശത്ത് വീണ്ടും ആശങ്ക; അലാസ്‌കയില്‍ പത്ത് പേരുമായി പോയ യാത്രാ വിമാനം കാണാതായി
വാഷിങ്ടണ്‍: അമേരിക്കയിലെ വ്യോമയാന മേഖലയില്‍ വീണ്ടുമൊരു ആശങ്കയ്ക്കു വഴിതെളിച്ച് വിമാനം കാണാതായ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. യു.എസ്. സംസ്ഥാനമായ അലാസ്‌കയിലാണ് പത്ത് യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറു വിമാനം കാണാതായിരിക്കുന്നത്. ബെറിങ് എയര്‍ സര്‍വീസിന്റെ സെസ്ന 208 ബി ഗ്രാന്‍ഡ് കാരവന്‍ വിമാനമാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്.
അലാസ്‌കയിലെ ഉനലക്ലീറ്റ് നഗരത്തില്‍ നിന്ന് നോമിലേക്കു സഞ്ചരിക്കുകയായിരുന്ന വിമാനം വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ അപ്രത്യക്ഷമായി. 3.16ന് നോര്‍ട്ടണ്‍ സൗണ്ട് മേഖലയിലൂടെ പറക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ ലഭിച്ചതെന്ന് അലാസ്‌ക ന്യൂസ് സോഴ്‌സ് പറയുന്നു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 38 മിനിട്ടുകള്‍ പിന്നിട്ട ശേഷമാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. സാധാരണയായി ഒരു മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതാണ്. പൈലറ്റും ഒമ്പത് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

നോമിലും വൈറ്റ് മൗണ്ടനിലും സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. മോശം കാലാവസ്ഥ ആകാശമാര്‍ഗമുള്ള പര്‍വതപ്രദേശ മേഖലയിലെ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കരയിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. വിമാനം കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് വൈറ്റ് മൗണ്ടന്‍ ഫയര്‍ ചീഫ് ജാക്ക് ആഡംസ് പറഞ്ഞു. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തിരച്ചില്‍ ഏകോപിപ്പിക്കുന്നത്. നോമില്‍ 4,000 ത്തില്‍ താഴെ ആളുകളും ഉനലക്ലീറ്റില്‍ ഏകദേശം 700 പേരുമാണ് താമസിക്കുന്നത്.
എട്ട് ദിവസത്തിനുള്ളില്‍ യുഎസ് വ്യോമയാന മേഖലയില്‍ ആശങ്കയുണ്ടാക്കുന്ന മൂന്നാമത്തെ പ്രധാന സംഭവമാണിത്. ജനുവരി 29 ന് വാഷിങ്ടണ്‍ ഡിസിയില്‍ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തില്‍ സൈനിക ഹെലികോപ്ടര്‍ ഇടിച്ച് ദുരന്തമുണ്ടായത്.
അതിനു തൊട്ടുപിന്നാലെ ഫിലാഡല്‍ഫിയയിലുണ്ടായ വിമാനാപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ വിമാന അപകടങ്ങള്‍ അമേരിക്കന്‍ വ്യോമയാന മേഖലയുടെ സുരക്ഷിത്വത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications