ഗാസയിൽ നിന്നും പാലസ്തീൻകാരെ ലിബിയയിലേക്ക് മാറ്റാൻ യുഎസ് പദ്ധതിയെന്ന്; തള്ളി നേതാക്കൾ
ഗാസ ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഗാസയിൽ നിന്നും പാലസ്തീൻകാരെ ലിബിയയിലേക്ക് മാറ്റാൻ അമേരിക്ക പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ലിബിയൻ നേതൃത്വവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനും ഇത് സംബന്ധിച്ച് ധാരണയുണ്ടെന്നും എന്നാൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഅമ്മർ ഗദ്ദാഫിയെ നാറ്റോ പിന്തുണയോടെ 2011 ൽ വിമതസേന അട്ടിമറിച്ചതിന് ശേഷം കടുത്ത ആഭ്യന്തര സംഘർഷത്തിലൂടെ കടന്ന് പോകുന്ന രാജ്യമാണ് ലിബിയ. വർഷങ്ങൾക്ക് മുൻപ് തടഞ്ഞ് വെച്ച് കോടിക്കണക്കിന് ഫണ്ട് ലിബിയയ്ക്ക് വിട്ട് നൽകണമെങ്കിൽ പലസ്തീൻകാരെ സ്വീകരിക്കണമെന്ന ഉപാധിയാണ് യുഎസ് മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാർത്ത വ്യാജമാണെന്ന് യുഎസ് പ്രതികരിച്ചു.

'നിലവിലെ സാഹചര്യത്തിൽ അത്തരമൊരു പദ്ധതി സാധ്യമല്ല. ഇങ്ങനെയൊരു കാര്യം ചർച്ച ചെയ്തിട്ടില്ല, മാത്രമല്ല ഇങ്ങനെയൊരു കാര്യത്തിന് യാതൊരു അർത്ഥം പോലും ഇല്ല', യുഎസ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം അത്തരത്തിൽ പൗരൻമാരെ മാറ്റുന്നത് സംബന്ധിച്ച് തങ്ങൾക്കൊരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
'അവരുടെ മാതൃരാജ്യത്ത് വളരെ അധികം വേരൂന്നി നിൽക്കുന്ന ജനതയാണ് പലസ്തീനികൾ. മാതൃരാജ്യത്തിന് വേണ്ടി ഏതറ്റം വരേയും പോരാടാനും സ്വന്തം കുടുംബത്തിന്റേയും കുട്ടികളുടേയും ഭാവി സുരക്ഷിതമാക്കാനും അവർ പോരാടും', ഹമാസ് നേതാവ് പറഞ്ഞു. ഇവിടുത്തെ ജനത എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം പലസ്തീനികൾക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മധ്യപൂർവദേശത്തെ സന്ദർശനത്തിനിടേയും ഗാസയെ കുറിച്ച് ട്രംപ് പരാമർശിച്ചിരുന്നു. 'എനിക്ക് ഗാസയെ കുറിച്ചുള്ള കാഴ്ചപ്പാട് വളരെ നല്ലതാണ്, ഗാസയെ ഒരു സ്വതന്ത്ര മേല ആക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി യുഎസ് ഇടപെട്ടടെ. യുഎസ് ഇടപെടൽ ഉണ്ടാകുന്നത് എന്നെ സംബന്ധിച്ച് അഭിമാനകരമാണ്', എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. എന്നാൽ മുതിർന്ന ഹമാസ് നേതാവായ ബസേം നൈം ട്രംപിന്റെ വാഗ്ദാനം തള്ളി രംഗത്തെത്തി. പലസ്തീന്‌റെ അവിഭാജ്യ ഘടകമാണ് ഗാസയെന്നും അല്ലാതെ പൊതുവിപണിയിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് കച്ചവട ഭൂമിയല്ല എന്നുമായിരുന്നു നെയിം തുറന്നടിച്ചത്. ' നമ്മുടെ നാടിനോടും അതിന്റെ ലക്ഷ്യത്തോടും ഞങ്ങൾ ഉറച്ച് നിൽക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും എല്ലാ ത്യാഗങ്ങളും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്',നൈം പറഞ്ഞു.












Click it and Unblock the Notifications