'12 ദിവസത്തെ യുദ്ധം അവസാനിച്ചു': ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആറു മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് ട്രംപിന്റെ അവകാശവാദം 24 മണിക്കൂറിനുള്ളില്‍ 12 ദിവസമായി നടന്നു വരുന്ന യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ഇറാനും ഇസ്രയേലിനും ട്രംപ് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും പ്രതികരിച്ചിട്ടില്ല.
ഇസ്രായേലിനും ഇറാനും നിലവിലുള്ള ദൗത്യം പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും അതിനു ശേഷം ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.

'വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധമാണിത്, മിഡില്‍ ഈസ്റ്റിനെ മുഴുവന്‍ നശിപ്പിക്കാമായിരുന്ന മാരകമായ യുദ്ധം. പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല! ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മിഡില്‍ ഈസ്റ്റിനെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ' - ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധം തുടങ്ങി 12 ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തെ ഏറെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനിലെ ആണ്‍വ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിനു പുറമേ ഇന്ന് വൈകിട്ട് ഗള്‍ഫ് മേഖലയിലേക്കും സംഘര്‍ഷം വ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വളരെ സുപ്രധാനമായ പ്രഖ്യപാനം വരുന്നത്.
അതേമസയം, ഇറാന് ഒരു വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലും ട്രംപിന്റെ പ്രഖ്യാപനത്തോടു പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തലിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് ട്രംപ് കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി വെടിനിര്‍ത്തലിന് മുന്‍കൈയെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിനു ശേഷം, ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ഖത്തര്‍ യുഎസ് നിര്‍ദ്ദേശത്തില്‍ ഇടപെട്ടതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications