കാനഡയുമായി ഇനി ചര്‍ച്ചയില്ല... പുതിയ താരിഫിന് തയ്യാറായിക്കോളൂ; വീണ്ടും നികുതി യുദ്ധവുമായി ട്രംപ്
വാഷിംഗ്ടണ്‍: കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അമേരിക്ക അവസാനിപ്പിക്കുകയാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പെട്ടെന്നുള്ള തീരുമാനത്തിന് കാരണം രാജ്യത്തിന്റെ ഡിജിറ്റല്‍ സേവന നികുതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിനെതിരായ പ്രത്യക്ഷവും പ്രകടവുമായ ആക്രമണം എന്നാണ് നികുതിയെ ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.
കാനഡ വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. യുഎസ് പാലുല്‍പ്പന്നങ്ങളുടെ താരിഫുകളെച്ചൊല്ലി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരാമര്‍ശിച്ച് കൊണ്ടായിരുന്നു ട്രൂത്ത് സോഷ്യലില്‍ അദ്ദേഹത്തിന്റെ പ്രതികരണം. സമാനമായ ഡിജിറ്റല്‍ ലെവികള്‍ നടപ്പിലാക്കിയ യൂറോപ്യന്‍ യൂണിയനെ കാനഡ പകര്‍ത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.

'ഈ അതിരുകടന്ന നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ ഇതിനാല്‍ അവസാനിപ്പിക്കുന്നു, ഇത് ഉടനടി പ്രാബല്യത്തില്‍ വരും,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയുമായി വ്യാപാരം തുടരുന്നതിന് നേരിടേണ്ടിവരുന്ന പുതിയ താരിഫുകള്‍ സംബന്ധിച്ച് അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയുടെ മൊത്തത്തിലുള്ള വ്യാപാര രീതികളെ ട്രംപ് കൂടുതല്‍ വിമര്‍ശിച്ചു. യുഎസ് പാലുല്‍പ്പന്നങ്ങള്‍ക്ക് കാനഡ 400 ശതമാനം വരെ താരിഫ് ചുമത്തിയേക്കാം എന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വര്‍ഷം ആദ്യം ട്രംപ് ഭരണകൂടം നിരവധി താരിഫുകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനിടെയാണ് വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചത്.
കാനഡയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ അധിക നികുതിയ്‌ക്കെതിരെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര തീരുവ ചുമത്തിക്കൊണ്ടായിരുന്നു കാനഡ പ്രതികരിച്ചത്. ഇരുപക്ഷവും തങ്ങളുടെ വ്യാപാര ചട്ടക്കൂട് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ സംഭവവികാസങ്ങള്‍ ഇതിനെ തടസപ്പെടുത്തിയിരിക്കുകയാണ്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചര്‍ച്ച ചെയ്ത യുഎസ്-മെക്‌സിക്കോ-കാനഡ കരാര്‍ (യുഎസ്എംസിഎ) 2026 ഓടെ അവലോകനത്തിനും സാധ്യമായ പുനരാലോചനയ്ക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 2025 ജൂലൈ 21 ഓടെ പുതുക്കിയ കരാറിലെത്താന്‍ ട്രംപും കാര്‍ണിയും പദ്ധതിയിട്ടിരുന്നു. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരണവുമായി രംഗത്തെത്തി.
തന്റെ സര്‍ക്കാര്‍ ചര്‍ച്ചയില്‍ പ്രതിജ്ഞാബദ്ധമാണെന്നും കനേഡിയന്‍മാരുടെ ഏറ്റവും മികച്ച താല്‍പ്പര്യത്തിനായി തങ്ങള്‍ ഈ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ നടത്തുന്നത് തുടരും എന്നും കാര്‍ണി പറഞ്ഞു. കനേഡിയന്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്ന് വലിയ കമ്പനികള്‍ നേടുന്ന വരുമാനത്തില്‍ 3 ശതമാനം ലെവി ചുമത്തുന്നതാണ് 2024 ജൂണില്‍ പ്രാബല്യത്തില്‍ വന്ന ഡിജിറ്റല്‍ സേവന നികുതി.
ഓണ്‍ലൈന്‍ പരസ്യം ചെയ്യല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസുകള്‍, ഉപയോക്തൃ ഡാറ്റ ഉള്‍പ്പെടുന്ന വില്‍പ്പന എന്നിവയ്ക്ക് ഈ നടപടി ബാധകമാണ്. ആദ്യ നികുതി പേയ്മെന്റുകള്‍ തിങ്കളാഴ്ച മുതല്‍ ശേഖരിക്കും.












Click it and Unblock the Notifications