ഇസ്രായേല്‍ ഗാസ പിടിച്ചടക്കില്ല; ഡീല്‍ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്, സമ്മതിച്ചു എന്ന് നെതന്യാഹു
വാഷിങ്ടണ്‍: ഇസ്രായേല്‍ സൈന്യം പലസ്തീനിലെ ഗാസ പിടിച്ചടക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടുത്ത് നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാര്‍ നെതന്യാഹു അംഗീകരിച്ചുവെന്നും ഹമാസും അംഗീകരിച്ചാല്‍ സമാധാനം പുലരുമെന്നും ട്രംപ് പറഞ്ഞു.
സമധാനത്തിന് വേണ്ടിയുള്ള ചരിത്ര ദിനം എന്നാണ് ട്രംപ് നിര്‍ദിഷ്ട കരാര്‍ പ്രഖ്യാപിച്ച് വിശേഷിപ്പിച്ചത്. അമേരിക്ക മുന്‍കൈ എടുത്താണ് പുതിയ കരാര്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് ട്രംപ് പറയുന്നു. കരാറിലെ വ്യവസ്ഥകള്‍ നെതന്യാഹു അംഗീകരിച്ചു എന്നും ട്രംപ് സൂചിപ്പിക്കുന്നു. ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുക, ആയുധം വെടിയുക, ഗാസയുടെ ഭരണം ഒരു സമിതിക്ക് കൈമാറുക തുടങ്ങിയ നിബന്ധനകള്‍ ഹമാസ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

20 നിര്‍ദേശങ്ങളാണ് താന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ഇസ്രായേല്‍ എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഹമാസും അംഗീകരിക്കുമെന്നാണ് കരുതുന്നത്. അംഗീകരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും. യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കണം എന്നാണ് ഒരു നിബന്ധന. അങ്ങനെ സംഭവിച്ചാല്‍ യുദ്ധം സ്വാഭാവികമായും അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു.
അറബ്-മുസ്ലിം രാജ്യങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. അവര്‍ ആലോചിച്ച പോലെയാണ് പദ്ധതി തയ്യാറാക്കിയത് എന്ന് ട്രംപ് പറഞ്ഞു. ഗാസയെ നിരായുധീകരിക്കണം, അതോടൊപ്പം ഇസ്രായേല്‍ സൈന്യം ഘട്ടങ്ങളായി പിന്മാറണം. യുദ്ധം നിര്‍ത്താന്‍ ഹമാസും താല്‍പ്പര്യപ്പെടുന്നു എന്നാണ് അറിഞ്ഞത്. അവര്‍ ഉപാധികള്‍ അംഗീകരിക്കുമെന്ന് കരുതുന്നു എന്നും ട്രംപ് പറഞ്ഞു.
ബോര്‍ഡ് ഓഫ് പീസ്
ബോര്‍ഡ് ഓഫ് പീസ് എന്ന പേരില്‍ അന്താരാഷ്ട്ര സമിതി രൂപീകരിക്കും. ഇവരാകും പിന്നീട് ഗാസയിലെ തുടര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. പലസ്തീന്‍കാരും ലോകത്തെ വിദഗ്ധരും ഉള്‍പ്പെടുന്ന സമിതി ഗാസയ്ക്ക് വേണ്ടി രൂപീകരിക്കും. ട്രംപ്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സമിതിയാകും നിലവില്‍ വരിക. പലസ്തീന്‍കാര്‍ ഗാസ വിട്ടുപോകേണ്ടി വരില്ല. ഇരുവിഭാഗവും കരാര്‍ ഒപ്പുവച്ചാല്‍ ഉടന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍-ഇസ്രായേല്‍ സമാധാന കരാര്‍
നിര്‍ദേശങ്ങള്‍ ഹമാസ് തള്ളിയാല്‍ അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഹമാസിനെ പൂര്‍ണമായും തകര്‍ക്കാന്‍ ഇസ്രായേലിനെ താന്‍ പിന്തുണയ്്ക്കും. സമധാനത്തോടെ ജീവിക്കാനാണ് മിക്ക പലസ്തീന്‍കാരും ആഗ്രഹിക്കുന്നത്. പലസ്താന്‍കാരുടെ ഭാവി അവര്‍ തീരുമാനിക്കണം. ഇറാനും ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ എന്നും ട്രംപ് പറഞ്ഞു.
നെതന്യാഹുവിന്റെ ഭീഷണി
ട്രംപിന്റെ നിര്‍ദേശങ്ങള്‍ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ നെതന്യാഹു, ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ യുദ്ധം തുടരുമെന്ന് ഭീഷണി മുഴക്കി. ഹമാസ് പിന്മാറിയാല്‍ അവരെ ഞങ്ങള്‍ തീര്‍ക്കും. സൈനികമായി നീങ്ങി എല്ലാം തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. ട്രംപിന്റെ നിര്‍ദേശത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ ശക്തമായ ഇസ്രായേല്‍ ആക്രമണവും ഹമാസിന്റെ തിരിച്ചടിയും തുടരവെയാണ് ട്രംപിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.












Click it and Unblock the Notifications