യുകെയുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്: ആദ്യ വ്യാപാര വിജയമെന്ന് യുഎസ്
വാഷിംഗ്ടൺ: യുകെയുമായി പൂർണ്ണവും സമഗ്രവുമായ വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കരാർ യുഎസും യുകെയും തമ്മിലുള്ള "പ്രത്യേക ബന്ധത്തെ" ദീർഘകാലത്തേക്ക് ശക്തിപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 2ന് ട്രംപ് ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികൾക്കെതിരെ വലിയ രീതിയിലുള്ള താരിഫ് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്തെ വ്യാപാര കരാറാണിത്
ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കരാറിനെ 'വളരെ വലുതും ആവേശകരവുമായ' ഒന്നായി വിശേഷിപ്പിച്ചെങ്കിലും, വിശദമായ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. എങ്കിലും കരാറില്‍ യുകെ, യുഎസ് ഉൽപ്പന്നങ്ങൾക്കെതിരായ "അന്യായമായ" നോൺ-താരിഫ് തടസ്സങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇതിൽ യുകെയുടെ 2% ഡിജിറ്റൽ സേവന നികുതി (അമേരിക്കന്‍ ടെക് കമ്പനികൾക്ക് ബാധകമായിരുന്ന) ഒഴിവാക്കലും ഉൾപ്പെട്ടേക്കാം.

100% സിനിമാ തീരുവയിൽ ഇളവ് ഉണ്ടാകുമോ എന്ന് വ്യക്തമല്ലെങ്കിലും യുകെയിലെ ചലച്ചിത്ര വ്യവസായം ഇതിനായി വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ കരാർ യു.എസിന്റെ "ആദ്യത്തെ വ്യാപാര വിജയം" ആണെന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അഭിപ്രായപ്പെട്ടത്. യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള ചർച്ചകളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് തങ്ങളുടെ അനിവാര്യമായ സാമ്പത്തിക, ദേശീയ സുരക്ഷാ പങ്കാളി ആണെന്നും കരാർ സംബന്ധിച്ച ചർച്ചകൾ വളരെ വേഗത്തിൽ നടന്നതായും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഓഫീസ് അറിയിച്ചു. അതേസമയം യുകെ ബിസിനസ് ഗ്രൂപ്പുകളും ട്രേഡ് യൂണിയനുകളും മിശ്ര പ്രതികരണമാണ് കരാർ സംബന്ധിച്ച് നടത്തുന്നത്. തീരുവകൾ ബ്രിട്ടീഷ് ബിസിനസുകൾക്ക് തിരിച്ചടിയാണ്, എന്നാൽ ഗവൺമെന്റിന്റെ പ്രായോഗിക സമീപനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സിന്റെ എമ്മ റോലൻഡ്
യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 10% അടിസ്ഥാന തീരുവയും, യുഎസുമായി വലിയ വ്യാപാര കമ്മി ഉള്ള രാജ്യങ്ങൾക്ക് "പരസ്പര" (reciprocal) തീരുവകളും ഏർപ്പെടുത്തുമെന്നുമായിരുന്നു കഴിഞ്ഞ മാസം രണ്ടിന് ട്രംപ് പ്രഖ്യാപിച്ചത്. യുകെ ഈ ഉയർന്ന പരസ്പര തീരുവകളിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, 10% അടിസ്ഥാന തീരുവയും, ഉരുക്ക്, അലുമിനിയം, വാഹനങ്ങൾ എന്നിവയ്ക്ക് 25% തീരുവയ്ക്കും വിധേയമായിരുന്നു.
ഈ തീരുവകൾ യുകെയുടെ കാർ നിർമ്മാണ മേഖലയെ വലിയ രീതിയില്‍ തന്നെ ബാധിച്ചു. 2023ൽ യുകെയുടെ 6.4 ബില്യൺ പൗണ്ട് വിലമതിക്കുന്ന വാഹന കയറ്റുമതിയിൽ 18.4 ശതമാനവും യു എസിലേക്കായിരുന്നു. ഏറ്റവും ഒടുവില്‍ യു കെ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളില്‍ നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ ഏർപ്പെടുത്തിയത് ബ്രിട്ടന്റെ ചലച്ചിത്ര വ്യവസായത്തിന് വലിയ തിരിച്ചടിയായി.












Click it and Unblock the Notifications