'വനിതകളെ പുരുഷന്‍മാര്‍ തോല്‍പ്പിക്കേണ്ട': ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ വനിത കായികയിനങ്ങളില്‍നിന്ന് വിലക്കി ട്രംപ്
വാഷിങ്ടണ്‍: രണ്ടാംവട്ടം പ്രസിഡന്റ് പദവിയിലെത്തിയതോടെ ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന ഓരോ നിലപാടുകളും ലോക രാജ്യങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങളിലും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് ട്രംപ് കൈക്കൊണ്ടത്. എല്‍ജിബിടിക്യു വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ട്രംപിന്റെ ഓരോ പരിഷ്‌കരണങ്ങളും.
ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ഉത്തരവില്‍ അധികാരത്തിലേറിയ ഉടന്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. സൈന്യത്തില്‍ ആണും പെണ്ണും മാത്രം മതി എന്നതാണ് പുതിയ പ്രസിഡന്റിന്റെ നിലപാട്. ഇപ്പോഴിതാ വനിതാ കായിക ഇനങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളെ പൂര്‍ണമായും ഒഴിവാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ പങ്കെടുക്കുന്നത് പൂര്‍ണമായും നിരോധിക്കുന്നതാണ് പുതിയ നീക്കം. ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളെ വനിതാ ടീമുകളില്‍ മത്സരിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് അനുവദിക്കാതിരിക്കാനും പുതിയ ഉത്തരവ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നു.

വൈറ്റ് ഹൗസില്‍ നിരവധി കുട്ടികളും വനിതാ അത്ലറ്റുകളും നിറഞ്ഞ സദസിനു നടുവിലിരുന്നാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്. യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ജോരി ഗ്രീന്‍ എന്നിവരും സന്നിഹിതരായിരുന്നു.
'വനിതാ അത്ലറ്റുകളുടെ വിശിഷ്ടമായ പാരമ്പര്യത്തെ ഞങ്ങള്‍ സംരക്ഷിക്കും. വനിതകളുടെ മത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെന്ന പേരില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ ഞങ്ങളുടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും തല്ലാനും പരുക്കേല്‍പ്പിക്കാനും അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക മത്സരങ്ങളില്‍ സ്ത്രീകള്‍ മാത്രമായിരിക്കും പങ്കെടുക്കുക - ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ് പറഞ്ഞു.
വനിതകളുടെ മത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തും. സ്ത്രീകളുടെ സ്വകാര്യത നഷ്ടപ്പെടുന്നത് അവരെ അപമാനിക്കുന്നതിന് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.
2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വനിതാ അത്ലറ്റുകളെന്ന് പറഞ്ഞ് അമേരിക്കന്‍ മണ്ണില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവിക്ക് നിര്‍ദേശം നല്‍കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications