വൈറ്റ് ഹൗസില്‍ വീണ്ടും കോവിഡ്; ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന് കോവിഡ് സ്ഥിരീകരിച്ചു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന് കോവിഡ്. മൂത്ത മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ ആഴ്ച്ച ആദ്യം നടത്തിയ ടെസ്റ്റില്‍ ട്രംപ് ജൂനിയറിന് കോവിഡ് പോസിറ്റിവ് ആയത്. എന്നാല്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലാത്ത ട്രംപ് ജൂനിയര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ട്രംപ് ജൂനിയറിന്റെ വക്താവ് അറിയിച്ചു.
42കാരനായ ട്രംപ് ജൂനിയറിനു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് .നേരത്തെ പിതാവ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും, ഭാര്യ മെലാനിയക്കും കോവിഡ് പൊസിറ്റിവ് ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈറ്റ് ഹൗസിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ആന്‍ഡ്രൂ ഗിലാനിക്കും കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തിന് കോവിഡ് മാഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വലിയ വീഴ്ച്ചയാണ് അമേരിക്കയില്‍ ഉണ്ടായത്. കോവിഡ് പ്രതിരോധത്തില്‍ ഡൊണാള്‍ഡ്ട്രംപിന്റെ സമീപനം ഏറെ വിമര്‍ശനങ്ങളും വിളിച്ചു വരുത്തിയിരുന്നു. പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പരാജയത്തിനും ഇത് വഴിവെച്ചു. നേരത്തെ കോവിഡ് രൂക്ഷമായ ഘട്ടങ്ങളില്‍ മാസ്ക് ധരിക്കാതെ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടും ട്രംപ് വിവാദങ്ങള്‍ക്ക് വഴിയിട്ടിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്കയില്‍ കോവിഡ് ബാധിത നിരക്കും, മരണ നിരക്കും ഉയരുന്നതിനാല്‍ അവധി ദിവസങ്ങളിലെ യാത്രകള്‍ക്ക് സര്‍ക്കാര്‍ നിയന്തരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ അമേരിക്കക്കാര്‍ സാധാരണ കുടുംബവുമൊത്ത് യാത്ര ചെയ്യാറുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടതും അമേരിക്കയില്‍ തന്നെ . അമേരിക്കയില്‍ ഇതുവരെ ഒരു കോടിയിലധികം ആളുകളാണ് കോവിഡ് ബാധിതരായത്. രണ്ടര ലക്ഷത്തിലധികം ആളുകള്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് വാക്സിന് നേരത്തെയെത്തുമെന്ന വാര്‍ത്തകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ജനങ്ങള്‍