ഹമാസിന് ട്രംപിന്റെ 'അവസാന' മുന്നറിയിപ്പ്; 'ബന്ദികളെ ഉടന്‍ വിട്ടയയ്ക്കൂ, അല്ലെങ്കില്‍ മരണം'
വാഷിങ്ടണ്‍: ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് അന്തിമ ശാസന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ ഉടന്‍ കൈമാറണമെന്നും അല്ലാത്തപക്ഷം ഗാസ പൂര്‍ണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കൊല ചെയ്യപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് സഹകരിച്ചില്ലെങ്കില്‍ ഇസ്രായേലിന് തിരിച്ചടിക്കാന്‍ എല്ലാ സൈനിക സഹായവും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. 'എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയക്കുക, പിന്നീടല്ല, നിങ്ങള്‍ കൊലപ്പെടുത്തിയ ബന്ദികളുടെ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക, അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ന്നു. ഇത് അവസാന മുന്നറിയിപ്പാണ്. ഹമാസ് നേതൃത്വത്തിന് ഗാസ ഒഴിയാന്‍ ഇപ്പോഴും അവസരം ബാക്കിയുണ്ട്. ഗാസയിലെ ജനങ്ങള്‍ക്ക് മനോഹരമായ ഭാവിയുണ്ട്. പക്ഷേ, നിങ്ങള്‍ ബന്ദികളെ പിടിച്ചുവെച്ചാല്‍ അത് യാഥാര്‍ഥ്യമാകില്ല. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ നിങ്ങളെ തീര്‍ത്തുകളയും' - ട്രംപ് മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരേ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും അന്ത്യശാസനം നല്‍കിയത്.
1997 ല്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഹമാസിന്റെ പിടിയിലുള്ള യു.എസ്. ബന്ദി ഇദാന്‍ അലക്സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ടവരുടെ നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമായിരുന്നു ചര്‍ച്ച നടത്തിയത്. ഹമാസുമായുള്ള യു.എസിന്റെ ചര്‍ച്ച ഇസ്രായേലിന്റെ അറിവോടെയാണെന്ന് വൈറ്റ് ഹൗസും നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു.
ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ഭീകരാക്രമണത്തിനിടെ പിടികൂടിയ ബന്ദികളില്‍ അവശേഷിക്കുന്നവരെ കൈമാറിയില്ലെങ്കില്‍ സങ്കല്‍പിക്കാന്‍ പോലുമാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്.
യുദ്ധാനന്തരം പാലസ്തീനികളെ പുറത്താക്കി ഗാസ ഏറ്റെടുത്ത് പുനര്‍നിര്‍മിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അതേസമയം, പാലസ്തീനികളെ നിലനിര്‍ത്തി ഗാസയെ പുനര്‍നിര്‍മിക്കാനാണ് അറബ് രാജ്യങ്ങളുടെ പദ്ധതി. എന്നാല്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ അമേരിക്കയും ഇസ്രായേലും തള്ളിയിരുന്നു.












Click it and Unblock the Notifications