'മോദി ബുദ്ധിമാനാണ്..'; ഇന്ത്യയ്ക്കുള്ള താരിഫില്‍ നിലപാട് വ്യക്തമാക്കി ട്രംപ്
ന്യൂഡല്‍ഹി: അമേരിക്ക-ഇന്ത്യ താരിഫ് ചര്‍ച്ചകളില്‍ അനുകൂല നിലപാടുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഗുണപരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് കരുതുന്നു എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ബുദ്ധിമാനായ മനുഷ്യന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മോദി അടുത്തിടെയാണ് ഇവിടെ വന്നത്. ഞങ്ങള്‍ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് ക്രൂരമാണ്. അദ്ദേഹംവളരെ ബുദ്ധിമാനായ മനുഷ്യനും എന്റെ ഒരു നല്ല സുഹൃത്തുമാണ്. ഞങ്ങള്‍ വളരെ നല്ല ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനും ഇടയില്‍ ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു,' ട്രംപ് പറഞ്ഞു.

അമേരിക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇറക്കുമതി വാഹനങ്ങള്‍ക്കും 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പ്രസ്താവന. ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന താരിഫുകള്‍ വിദേശത്ത് അസംബിള്‍ ചെയ്യുന്ന അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളേയും ബാധിക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ പരസ്പര താരിഫില്‍ ഇന്ത്യയ്ക്ക് ഇളവുണ്ടാകില്ല എന്ന തരത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നു. 'ഞങ്ങള്‍ ഉടന്‍ തന്നെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തും. അവര്‍ ഞങ്ങളില്‍ നിന്ന് ഈടാക്കുന്നത് എന്തോ അത് ഞങ്ങള്‍ അവരില്‍ നിന്ന് ഈടാക്കും. ഇന്ത്യയോ ചൈനയോ പോലുള്ള ഒരു കമ്പനിയോ രാജ്യമോ എന്ത് ഈടാക്കിയാലും ഞങ്ങള്‍ പരസ്പരം നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു ഫെബ്രുവരിയില്‍ അദ്ദേഹം പറഞ്ഞത്.
ഫെബ്രുവരിയില്‍ നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കുകയും ട്രംപുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു, ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ആയിരുന്നു ഈ സന്ദര്‍ശനം. മോദിയുടെ സന്ദര്‍ശന വേളയില്‍, നീതി, ദേശീയ സുരക്ഷ, തൊഴിലവസര സൃഷ്ടി എന്നിവ ഉറപ്പാക്കുന്ന വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇന്ത്യയും യുഎസും തീരുമാനിച്ചു.
2030 ആകുമ്പോഴേക്കും മൊത്തം ഇരുവശങ്ങളിലേക്കുമുള്ള ചരക്ക് സേവന വ്യാപാരം ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും 'മിഷന്‍ 500' എന്ന പുതിയ ഉഭയകക്ഷി വ്യാപാര ലക്ഷ്യം വെച്ചുള്ള നടപടികള്‍ക്കും തുടക്കമിട്ടിരുന്നു.












Click it and Unblock the Notifications