ശുഭവാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം; യുക്രൈന്‍-റഷ്യ വെടിനിര്‍ത്തലിനായി യുഎസ് സംഘം റഷ്യയിലേക്ക്
വാഷിങ്ടണ്‍/മോസ്‌കോ: മൂന്നു വര്‍ഷമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തിന് വൈകാതെ പരിസമാപ്തി ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 30 ദിവസത്തെ ഇടക്കാല വെടിനിര്‍ത്തലിന് യുക്രൈന്‍ പ്രസിഡന്റ് സമ്മതം അറിയിച്ചതോടെ അമേരിക്കയുടെ ഭാഗത്തു നിന്നും ചടുലമായ നീക്കങ്ങളാണ് ഉണ്ടാകുന്നത്. ഇനി റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍. യുക്രൈന്‍ വെടിനിര്‍ത്തലിന് സന്നദ്ധമായ പോലെ റഷ്യയും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന്റെ മധ്യസ്ഥതയില്‍ നിര്‍ണായക മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം റഷ്യയിലേക്ക് പുറപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം, ട്രംപ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. വൈറ്റ് ഹൗസിന്റെ പ്രതിനിധിയായി സ്റ്റീവ് വിറ്റ്‌കോഫാണ് മോസ്‌കോയിലേക്ക് പോയതെന്നാണ് സൂചന.

'നാം സംസാരിക്കുമ്പോള്‍ തന്നെ യുഎസ് പ്രതിനിധികള്‍ റഷ്യയിലേക്ക് പോകുന്നു. റഷ്യയുടെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഭയാനകമായ രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാനുള്ള വഴി ഇതാണെന്ന് ഞാന്‍ കരുതുന്നു. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ്. മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമിടാന്‍ പോലും സാധ്യതയുണ്ട'് - ഓവല്‍ ഓഫീസില്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മോസ്‌കോ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതിന്റെ ആവശ്യമുണ്ടാകില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. 'റഷ്യയ്ക്ക് സാമ്പത്തികമായി ദോഷം വരുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയും. എന്നാല്‍ സമാധാനം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ അതിന് മുതിരുന്നില്ല' - ട്രംപ് കൂട്ടിച്ചേര്‍ത്തു.
സൗദിയിലെ ജിദ്ദയില്‍ യുഎസ്-യുക്രൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദേശം യുക്രൈന്‍ അംഗീകരിച്ചത്. ഇതിനു പിന്നാലെ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള വിലക്ക് യുഎസ് നീക്കി. ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും തുടരും.
വാഷിങ്ടണ്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഒരു ഫോണ്‍ കോള്‍ വൈകാതെ ഉണ്ടാകുമെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുഎസ് പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം നല്ല ചുവടുവയ്പ്പാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചിരുന്നു. റഷ്യ കൂടി സമ്മതിച്ചാല്‍ വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരും. അതേസമയം റഷ്യയെ ഇപ്പോഴും പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ നിര്‍ദേശം യുക്രൈന്‍ അംഗീകരിച്ചതിനെ ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും സ്വാഗതം ചെയ്തു.
യുക്രൈന് പിന്തുണ നല്‍കിയിരുന്ന ബൈഡന്‍ ഭരണകൂടത്തിന് വിരുദ്ധമായി റഷ്യയെ അനുനയിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ട്രംപ് മുന്‍ഗണന നല്‍കുന്നത്.












Click it and Unblock the Notifications