ഇറക്കുമതി തീരുവയില്‍ ഇന്ത്യയ്ക്ക് ഇളവില്ലെന്ന് ട്രംപ്; ' അങ്ങനെ ഒരു ഉറപ്പും നല്‍കിയിട്ടില്ല'
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന 21 മില്യണ്‍ ഡോളര്‍ ഫണ്ടിന്റെ സാധുത ചോദ്യം ചെയ്ത് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വോട്ടര്‍മാരുടെ വോട്ടെടുപ്പിനായി നമ്മള്‍ എന്തിനാണ് 21 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടത് എന്ന് മിയാമിയില്‍ നടന്ന ഒരു ഉച്ചകോടിയില്‍ അദ്ദേഹം ചോദിച്ചു.
'ഇന്ത്യയിലെ വോട്ടര്‍മാരുടെ വോട്ടെടുപ്പിനായി നമ്മള്‍ എന്തിനാണ് 21 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടത്? അവര്‍ മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനോട് പറയണം. ഇത് ഒരു പൂര്‍ണ്ണമായ വഴിത്തിരിവാണ്,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഭ്രാന്തിന് വലിയൊരു പങ്കും ധനസഹായം നല്‍കിയ യുഎസ്എഐഡിയെ തങ്ങള്‍ ഫലപ്രദമായി ഇല്ലാതാക്കി എന്ന് ട്രംപ് അവകാശപ്പെട്ടു.

'ഒരു മാസത്തിനുള്ളില്‍, ഡോജ് ഇതിനകം 55 ബില്യണ്‍ ഡോളറിലധികം ലാഭിച്ചു. ഫെഡറല്‍ സര്‍ക്കാരിനെ നാടകീയമായി ചുരുക്കി യുഎസ്‌സമ്പദ്വ്യവസ്ഥയെ വേഗത്തില്‍ വളര്‍ത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 'വോട്ടര്‍ പോളിംഗ്' വര്‍ധിപ്പിക്കുന്നതിനായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് 21 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള യുഎസ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. അതേസമയം യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടം. ഇന്ത്യയ്ക്ക് തീരുവകളില്‍ ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതികള്‍ക്കും 25% തീരുവ ചുമത്താന്‍ തുടങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസിന്റെ പരസ്പര താരിഫുകളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഇളവ് നല്‍കാമെന്ന വാഗ്ദാനം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുവ സംബന്ധിച്ച തന്റെ നടപടികള്‍ ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. യുഎസിലെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ യുഎസിലും വില്‍ക്കുമ്പോഴുള്ള 'പരസ്പര നികുതി' ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും ഇതോടെ തിരിച്ചടിയേറ്റു.
ഇന്ത്യയിലെ മരുന്നു നിര്‍മാണ കമ്പനികളുടെ വരുമാനത്തിന്റെ ഗണ്യമായ പങ്കും വരുന്നത് യു എസില്‍ നിന്നാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള മരുന്ന് കയറ്റുമതി 873 കോടി ഡോളറായിരുന്നു. ട്രംപിന്റെ പുതിയ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.












Click it and Unblock the Notifications