Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കുമേല്‍ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ഇന്ത്യന്‍ അരി അമേരിക്കയില്‍ കൊണ്ടുവന്ന് തള്ളരുത്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മടങ്ങിയതിനു പിന്നാലെയാണ് ട്രംപ് ഇന്ത്യക്കു മേല്‍ പുതിയ തീരുവ ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഇക്കുറി അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങളെയാണ് ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന അരിക്കു മേല്‍ തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള വളത്തിന്മേലും പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ മന്ദഗതിയില്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

trump

അമേരിക്കന്‍ കര്‍ഷകരെ സഹായിക്കാന്‍ എന്ന പേരിലാണ് ട്രംപ് ഇന്ത്യന്‍ അരിക്കു മേല്‍ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുറഞ്ഞ വിലയുള്ള അരി അമേരിക്കന്‍ കര്‍ഷകരുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അമേരിക്കന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റ് ഹൗസില്‍ നടന്ന ഒരു യോഗത്തിന് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ യോഗത്തില്‍ വച്ച് അമേരിക്കന്‍ കര്‍ഷകര്‍ക്കായി കോടിക്കണക്കിന് ഡോളറിന്റെ കാര്‍ഷിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ യോഗത്തിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കാര്‍ഷിക ഇറക്കുമതിയെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചത്.

അമേരിക്കയിലെ ആഭ്യന്തര ഉല്‍പാദകരെ സംരക്ഷിക്കാനാണ് ഇന്ത്യയ്ക്കു മേല്‍ വീണ്ടും താരിഫ് ചുമത്തുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. ഇറക്കുമതി കുറഞ്ഞാല്‍ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ 25 ശതമാനം പിഴത്തീരുവ ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. ഇതിന്റെ പേരിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവയാണ് പുതിയ ഭീഷണിയുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ, വിയറ്റ്‌നാം തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അരി അമേരിക്കയിലേക്ക് വന്‍തോതില്‍ തള്ളുന്നത് അനുവദിക്കാന്‍ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ് റീട്ടെയില്‍ അരി വിപണിയിലെ രണ്ടു വലിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യ-യുഎസ് കാര്‍ഷിക വ്യാപാരത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാര്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ബസുമതി അരി, മറ്റ് അരി ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. അതേസമയം അമേരിക്കയില്‍ നിന്ന് ബദാം, പരുത്തി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്. നാളെ ന്യൂഡല്‍ഹിയില്‍ വീണ്ടുമൊരു വ്യാപാര ചര്‍ച്ചയ്ക്ക് ഇരുപക്ഷവും തയാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+