'എല്ലാവരും ഒഴിയൂ': യുദ്ധഭീതി വര്‍ധിപ്പിച്ച് ട്രംപിന്റെ നീക്കങ്ങള്‍; ഇറാന് ആണവായുധം കൈകാര്യംചെയ്യാന്‍ ശേഷിയില്ല
ടെല്‍-അവീവ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ആശങ്ക വര്‍ദ്ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍. ട്രംപിന്റെ ഏറ്റവും പുതിയ ആഹ്വാനമാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ എല്ലാവരും ഒഴിഞ്ഞു പോകണം എന്നാണ് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
ഇസ്രയേലും ഇറാനും തുടര്‍ച്ചയായ അഞ്ചാം ദിവസവും ആക്രമണം തുടരുകയാണ്. ഇതിനിടയാണ് ട്രംപിന്റെ നീക്കങ്ങള്‍ യുദ്ധ ഭീതി വര്‍ധിപ്പിക്കുന്നത്. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് ഒരു ദിവസം മുന്‍പേ മടങ്ങിയതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇസ്രയേലിനെയും ഇറാനെയും വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നേരത്തെയുള്ള പിന്മാറ്റം എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത് ഇങ്ങനെയാണ് - 'ഞാന്‍ ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. ഇത് എത്ര അപമാനകരമാണ്. മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുത്തുകയാണ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനും അത് കൈകാര്യം ചെയ്യാനുമുള്ള ശേഷിയില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും പറയുന്നു എല്ലാവരും ഉടന്‍ ടെഹ്‌റാന്‍ ഒഴിയണം'.
ടെഹ്‌റാന്‍ പത്തു ലക്ഷത്തോളമാണ് ജനസംഖ്യ. ടെഹ്‌റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലും ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രയേലിലെ ടെല്‍ അവീവില്‍ അര്‍ധരാത്രിക്ക് ശേഷവും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. രാജ്യത്തെ ലക്ഷ്യമാക്കി ഇറാനിയന്‍ മിസൈലുകള്‍ തുടര്‍ച്ചയായി വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.
തുടര്‍ച്ചയായ അഞ്ചു ദിവസത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 224 പേര്‍ മരിച്ചതായാണ് കണക്കുകള്‍. കൂടുതലും സാധാരണക്കാരാണ് മരിച്ചത്. ഇസ്രയേലില്‍ 24 പൗരന്മാരാണ് ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച 3,000 ഇസ്രയേലികളെ ഒഴിപ്പിച്ചു. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ടെഹ്‌റാനില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും തീവ്രമായ മിസൈല്‍ ആക്രമണത്തിനുള്ള തയാറെടുപ്പിലാണ് ഇറാന്‍ എന്നതാണ് ലോക രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്.












Click it and Unblock the Notifications