തയ്യാറായി 1000 മിസൈലുകൾ; എന്നെ തൊട്ടാൽ ഇറാൻ ചാമ്പലാകുമെന്ന് ട്രംപിന്റെ ഭീഷണി
ലോകത്തെയാകെ മുൾമുനയിൽ നിർത്തികൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അനുദിനം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോഴിതാ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തി. തന്നെ വധിക്കാൻ അല്ലെങ്കിൽ അതിനായി എന്തെങ്കിലും തരത്തിലുള്ള ശ്രമം നടത്താൻ ഇറാൻ മുതിർന്നാൽ, ആ രാജ്യത്തെ ഭൂമുഖത്തുനിന്ന് പൂർണ്ണമായും തുടച്ചുനീക്കാൻ താൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു എന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്. ഇറാന് നേരെ പ്രയോഗിക്കാൻ ആയിരക്കണക്കിന് മിസൈലുകൾ യുഎസ് സൈന്യം സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ ലക്ഷ്യമിട്ട് ഇപ്പോൾ തന്നെ 1000 മിസൈലുകൾ ലോഡ് ചെയ്ത് ലക്ഷ്യം വെച്ചിട്ടുണ്ടെന്നും, ആവശ്യമായി വന്നാൽ തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും തൊടുക്കുമെന്നും ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു. യുഎസ് പ്രസിഡന്റിനെ, അതായത് എന്നെ വധിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന് ഇറാൻ ഗവൺമെന്റ് പദ്ധതിയിടുന്നുണ്ട്. അതിന് അവർ മുതിർന്നാൽ ഇറാനെ പൂർണ്ണമായും നശിപ്പിക്കാൻ യുഎസ് മിലിട്ടറിക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ഒരു വർഷത്തേക്ക് പ്രാബല്യമുള്ള ഈ ഉത്തരവ് ആവശ്യമെങ്കിൽ നീട്ടുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം വന്നിരിക്കുന്നത്.

വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇറാൻ
അതേസമയം, അമേരിക്കയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ലംഘിച്ചത് അമേരിക്കയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. കരാർ പ്രകാരം ഗൾഫ് മേഖലയിൽ കൂടുതൽ യുഎസ് സൈന്യത്തെ വിന്യസിക്കാൻ പാടില്ലെന്ന നിയമം വാഷിംഗ്ടൺ ലംഘിച്ചതായാണ് ഇറാന്റെ ആക്ഷേപം. അമേരിക്ക കരാർ ലംഘിച്ചെന്ന് പ്രഖ്യാപിച്ച ശേഷവും തങ്ങൾ ഇത്രയും കാലം വാക്കുപാലിച്ചതായി അരാഗ്ചി എക്‌സിൽ കുറിച്ചു. അമേരിക്ക കരാർ മാനിച്ചില്ലെങ്കിൽ പൂർണ്ണമായ പ്രതിരോധത്തിന് രാജ്യം സജ്ജമാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും മുന്നറിയിപ്പ് നൽകി.
ഖത്തറിന്റെയും സൗദി അറേബ്യയുടെയും വാണിജ്യ കപ്പലുകൾക്ക് നേരെ ഈ ആഴ്ച ആദ്യം ഉണ്ടായ ആക്രമണമാണ് നിലവിലെ പ്രശ്നങ്ങൾ വീണ്ടും വഷളാക്കിയത്. ഇതിന് പിന്നാലെ അമേരിക്ക ഇറാൻ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയും, ഇറാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചെങ്കിലും നയതന്ത്രതലത്തിൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഖത്തറും ഒമാനും ഇറാന്റെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. എങ്കിലും ട്രംപിന്റെ പുതിയ ഭീഷണി വീണ്ടും വലിയ രീതിയിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നത്.












Click it and Unblock the Notifications