സ്വിംഗ് സ്റ്റേറ്റുകളില്‍ അടിച്ചുകേറി ട്രംപ്... ഏഴില്‍ ആറിലും മുന്നില്‍; ജയമുറപ്പിച്ചോ..?
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും എന്ന് കരുതിയ സ്വിംഗ് സ്റ്റേറ്റുകളില്‍ വ്യക്തമായ മേധാവിത്വം തുടര്‍ന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ ആറിലും മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് മുന്നിലാണ് എന്നാണ് റിപ്പോര്‍ട്ട്. അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലാണ് ട്രംപ് മുന്നില്‍.
നെവാഡയിലെ സ്വിംഗ് സ്റ്റേറ്റുകളിലെ കണക്കുകള്‍ കൂടി വരാനുണ്ട്. 'യുദ്ധഭൂമികള്‍' എന്നും അറിയപ്പെടുന്ന, സ്വിംഗ് സ്റ്റേറ്റുകള്‍ യുഎസ് തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ദിശ നിശ്ചയിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഏതാണ്ട് തുല്യമായ പിന്തുണയുണ്ട്. അതിനാല്‍ തന്നെ ഇവിടത്തെ ഫലം അന്തിമഫലത്തില്‍ വലിയ സ്വാധീനം ചെലുത്തും.

പെന്‍സില്‍വാനിയ, 19 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍, മിഷിഗണ്‍ (10), ജോര്‍ജിയ (16), വിസ്‌കോണ്‍സിന്‍ (10), നോര്‍ത്ത് കരോലിന (16), നെവാഡ (6), അരിസോണ (11) എന്നിങ്ങനെയാണ് വോട്ട് നില. 539 അംഗ ഇലക്ട്രറല്‍ കോളേജിലേക്ക് 270 പേരുടെ പിന്തുണയാണ് വേണ്ടത്. അതിനാല്‍ തന്നെ സ്വിംഗ് സ്റ്റേറ്റുകളിലെ 88 ഇലക്ട്രറല്‍ കോളേജുകളിലെ ഫലം അതീവ നിര്‍ണായകമാണ്.
നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 214 വോട്ടുകള്‍ക്ക് ട്രംപ് മുന്നിട്ടുനില്‍ക്കുമ്പോള്‍ കമല ഹാരിസിന് 179 വോട്ടാണ് ഉളളത്. ജനാധിപത്യം സമ്പദ്വ്യവസ്ഥ, ഗര്‍ഭച്ഛിദ്രം എന്നിവയായിരുന്നു വോട്ടര്‍മാര്‍ പോളിംഗില്‍ പരിഗണിച്ച വിഷയങ്ങള്‍ എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 10 ല്‍ ആറ് പേരും ജനാധിപത്യത്തിന്റെ അവസ്ഥയെ അവരുടെ ഒന്നാം നമ്പര്‍ വിഷയമായി വിലയിരുത്തി.
അഞ്ച് ശതമാനം വോട്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രം ഒരു പ്രധാന വിഷയമായി തിരഞ്ഞെടുത്തു. പത്തില്‍ ഒരാള്‍ക്ക് സമ്പദ്വ്യവസ്ഥ മുന്‍ഗണനാ വിഷയമായിരുന്നു. വോട്ടര്‍മാരില്‍ മുക്കാല്‍ ഭാഗം പേര്‍ക്കും യുഎസിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിഷേധാത്മക വീക്ഷണമാണ് ഉള്ളത് എന്നാണ് സി എന്‍ എന്‍ എക്സിറ്റ് പോളില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പൊതുവെ സമാധാനപരമായിരുന്നു പോളിംഗ് എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ബോംബ് ഭീഷണികളും തെറ്റായ അവകാശവാദങ്ങളും മൂലം സ്വിംഗ് സ്‌റ്റേറ്റുകളില്‍ പോളിംഗ് പലതവണ തടസപ്പെട്ടു. അരിസോണ, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ ബോംബ് ഭീഷണികള്‍ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും പലയിടത്തും പോളിംഗ് മണിക്കൂറുകള്‍ നീട്ടാന്‍ നിര്‍ബന്ധിതരായി.












Click it and Unblock the Notifications