ഷി ജിന്‍പിംഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ബൈഡന്‍; ബ്ലിങ്കന്റെ സന്ദര്‍ശനം വെറുതെയായോ?
വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി ചൈന-അമേരിക്ക ബന്ധത്തില്‍ സുസ്ഥിരത കൈവരിക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജോ ബൈഡന്റെ പരാമര്‍ശം. കാലിഫോര്‍ണിയയില്‍ നടന്ന ഒരു ധനസമാഹരണത്തില്‍ ചടങ്ങിനിടെയായിരുന്നു ബൈഡന്റെ പ്രതികരണം.
ഈ വര്‍ഷം ആദ്യം യുഎസ് വ്യോമാതിര്‍ത്തിയില്‍ കടന്ന ചൈനീസ് ചാര ബലൂണിനെ വെടിവെച്ച് വീഴ്ത്തിയതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ബൈഡന്‍, ഷി ജിന്‍പിംഗിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചത്. അതേസമയം എന്തുകൊണ്ടാണ് ഷി ജിന്‍പിംഗിനെ കുറിച്ച് ഈ അവസരത്തില്‍ ബൈഡന്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

'ഞങ്ങള്‍ ആ ബലൂണ്‍ വെടിവച്ചപ്പോള്‍ ഷി ജിന്‍പിംഗ് വളരെ അസ്വസ്ഥനായി. കാരണം അത് താഴെയിടാന്‍ വേണ്ട സജ്ജീകരണങ്ങള്‍ അവിടെയുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു,' ബൈഡന്‍ പറഞ്ഞു. ഇത് സ്വേച്ഛാധിപതികള്‍ക്ക് വലിയ നാണക്കേടാണ് എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ചൈനയ്ക്ക് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ബൈഡന്‍ അവകാശപ്പെട്ടു.
അതേസമയം ബൈഡന്റെ പരാമര്‍ശത്തോട് ഇതുവരെ ഷി ജിന്‍പിംഗ് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍ സുസ്ഥിര ബന്ധം വേണമെന്ന് നിലപാട് കഴിഞ്ഞ ദിവസമാണ് ആന്റണി ബ്ലിങ്കനും ഷി ജിന്‍പിംഗും അംഗീകരിച്ചത്. ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് പിന്നാലെ അമേരിക്ക-ചൈന ബന്ധത്തില്‍ പുതിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതടക്കം പരിഹരിക്കാനായിരുന്നു ആന്റണി ബ്ലിങ്കന്‍ ചൈനയിലെത്തിയത്.
എന്നാല്‍ ബൈഡന്റെ പരാമര്‍ശം ബന്ധം കൂടുതല്‍ സുസ്ഥിരമായ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ അപകടത്തിലാക്കിയേക്കാനാണ് സാധ്യത. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം സംഘര്‍ഷത്തിലേക്ക് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി എന്നിവരുമായും ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു യുഎസ് ഉന്നതോദ്യോഗസ്ഥന്‍ ചൈനയിലെത്തുന്നത്. ജി 20 ഉച്ചകോടിക്കിടെ ബാലിയില്‍ ബൈഡനും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇനി ഈ വര്‍ഷം സെപ്റ്റംബറില്‍ ജോ ബൈഡനും ഷി ജിന്‍പിംഗും ജി 20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയില്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. അതേസമയം അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബൈഡനുമായുള്ള കൂടിക്കാഴ്ചയെ ചൈന ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications