പുടിനുമായി രണ്ട് മണിക്കൂര്‍ സംസാരിച്ചതായി ട്രംപ്; റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ നിര്‍ണായക ഘട്ടത്തില്‍
വാഷിങ്ടണ്‍: മൂന്നു വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അതിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളിലും പുരോഗതി ഉണ്ടാകാതിരുന്നതോടെയാണ് ട്രംപ് നേരിട്ട് ഇടപെട്ടത്.
ഇപ്പോഴിതാ വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന നിര്‍ണായക പ്രഖ്യാപനമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ഫോണില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി രണ്ടു മണിക്കൂറോളം ട്രംപ് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് പുടിനുമായി ഈ വര്‍ഷം ട്രംപ് നടത്തുന്ന മൂന്നാമത്തെ ഫോണ്‍ സംഭാഷണമാണിത്. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ചര്‍ച്ചകളോട് അനുകൂലമായ മനോഭാവമാണ് പുടിന്‍ പ്രകടിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിക്കാനുള്ള സുപ്രധാന ചുവടുവയപ്പാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.
ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിന് പുടിന്‍ നന്ദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈനുമായി ചേര്‍ന്നു കരട് രേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്സ്, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് എന്നിവരുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ ആതിഥേയത്വം വഹിക്കാനുള്ള ലിയോ പതിനാറാമന്‍ മാര്‍പാപ്പയുടെ വാഗ്ദാനം അമേരിക്കയും യൂറോപ്യന്‍ നേതാക്കളും സ്വാഗതം ചെയ്തതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു.
ഈ മാസം ആദ്യം, തുര്‍ക്കിയില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന സെലന്‍സ്‌കിയുടെ നിര്‍ദേശം പുടിന്‍ തള്ളിക്കളഞ്ഞിരുന്നു. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തയാറാണെന്ന പുടിന്റെ പ്രസ്താവനകളെ യുക്രൈന്‍ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. സമാധാനം ആഗ്രഹിക്കുന്നുവെന്ന പുടിന്റെ പ്രസ്താവനകള്‍ പൊള്ളയാണെന്ന് സെലന്‍സ്‌കി മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യുക്രൈനില്‍ ഒരു മിനി ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ ഉള്‍പ്പെടെ, സമീപ ദിവസങ്ങളില്‍ റഷ്യ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണെന്ന് യുക്രൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ആക്രമിച്ചത്. യുദ്ധത്തില്‍ നിരവധി സൈനികരെയാണ് ഇരുപക്ഷത്തും നഷ്ടമായത്. യുക്രൈനില്‍ സാധാരണക്കാരായ ആയിരക്കണക്കിന് ആളുകള്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications