ഇന്നാ പിടിച്ചോ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25% യുഎസ് തീരുവ; വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: ഒരിടവേളയ്ക്കു ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളായ ജപ്പാനെയും ദക്ഷിണ കൊറിയയെയുമാണ് ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതലാണ് താരിഫ് പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര്‍ക്ക് അമേരിക്കന്‍ ഭരണകൂടം കത്ത് അയച്ചു.
കത്തിന്റെ കോപ്പികള്‍ സഹിതം താരിഫിന്റെ വിശദാംശങ്ങള്‍ ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയേക്കാം. ഏകദേശം സമാനമായ രണ്ട് കത്തുകളില്‍, ഈ രാജ്യങ്ങളുമായുള്ള
അമേരിക്കയുടെ വ്യാപാരക്കമ്മി ട്രംപ് ഒരു പ്രത്യേക വിഷയമായി ഉയര്‍ത്തിക്കാട്ടി.

ദക്ഷിണ കൊറിയയും ജപ്പാനും തങ്ങളുടെ ഇറക്കുമതി താരിഫുകള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്യരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതികാരം ചെയ്താല്‍ അമേരിക്ക ഇറക്കുമതി നികുതി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇറക്കുമതി നികുതി വര്‍ധന ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഓട്ടോ, ഇലക്ട്രോണിക്‌സ് മേഖലകളെ പ്രതികൂലമായി ബാധിക്കും.
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനുമാണ് കത്തുകളില്‍ അയച്ചത്. നികുതി ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളോടും അമേരിക്കയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കൊറിയയിലെയും ജപ്പാനിലെയും കമ്പനികള്‍ അമേരിക്കയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ താരിഫ് ഉണ്ടാകില്ലെന്നും ട്രംപ് വാഗ്ദാനം ചെയ്തു. സെര്‍ബിയ, തായ്ലന്‍ഡ്, ടുണീഷ്യ തുടങ്ങി യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചെറു രാജ്യങ്ങള്‍ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ ഇതുവരെ കത്തുകള്‍ അയച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും ട്രംപ് നല്‍കുന്നുണ്ട്.
താരിഫ് പ്രഖ്യാപനത്തില്‍ ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ എംബസികള്‍ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഓഹരികള്‍ ഇടിഞ്ഞു.












Click it and Unblock the Notifications