ഇറാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രക്ഷോഭകരോട് ട്രംപ്; യുദ്ധത്തിനുള്ള പുറപ്പാടോ?
ടെഹ്‌റാന്‍: ഇറാനില്‍ ആഴ്ച്ചകളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനിലെ ജനങ്ങളോടായിട്ടായിരുന്നു ട്രംപിന്റെ ആഹ്വാനം. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം തുടരാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഭരണകൂടത്തിനെതിരേ അതിശക്തമായ പോരാട്ടമാണ് ഇറാനില്‍ നടക്കുന്നത്. അതിനിടെയാണ് ഇറാന്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ ആഹ്വാനം ഉണ്ടായത്. 'ഇറാനിയന്‍ ദേശസ്‌നേഹികളേ, നിങ്ങളുടെ പ്രതിഷേധം തുടരുക - നിങ്ങളുടെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക! കൊലയാളികളുടെ പേരുകള്‍ ഓര്‍ത്തുവയ്ക്കുക. അവര്‍ വലിയ വില നല്‍കേണ്ടി വരും. പ്രതിഷേധക്കാരെ വിവേകശൂന്യമായി കൊലപ്പെടുത്തുന്നത് നിര്‍ത്തുന്നത് വരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാന്‍ റദ്ദാക്കി' - ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലിട്ട പോസ്റ്റില്‍ പറഞ്ഞു. 'സഹായം ഉടന്‍ എത്തുമെന്നും ട്രംപ് അറിയിച്ചു.

ഇറാനില്‍ യുഎസ് നേരിട്ട് ഇടപെടുമോ എന്ന് ട്രംപ് വിശദീകരിച്ചിട്ടില്ലെങ്കിലും, ജനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും അവസാനിക്കുന്നത് വരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ ചര്‍ച്ചകളും താന്‍ റദ്ദാക്കിയതായി ട്രംപ് പ്രഖ്യാപിച്ചു. പ്രക്ഷോഭകരെ ഉപദ്രവിക്കുന്നവരുടെയും കൊല്ലുന്നവരുടെയും പേരുകള്‍ ശേഖരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക സ്രോതസുകള്‍ തടയാനാണ് ഈ നീക്കം. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇറാനിയന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കാരണമുള്ള ജനങ്ങളുടെ അസംതൃപ്തിയിലാണ് പ്രതിഷേധം ആരംഭിച്ചതെങ്കിലും ഇപ്പോഴത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തുകയാണ്. പ്രതിഷേധങ്ങളില്‍ ഇതിനകം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ റദ്ദാക്കിയിരിക്കുകയാണ്.
ഇറാനുമായി നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന് പറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യോമാക്രമണവും നിരവധി ഓപ്ഷനുകളില്‍ ഒന്നാണെന്ന സൂചന നല്‍കിയിട്ടുണ്ട്.
അമേരിക്ക ഇറാനില്‍ സൈനിക ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകള്‍ നല്‍കുന്നത്. ഇത് മിഡില്‍ ഈസ്റ്റില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായാല്‍ അത് മേഖലയില്‍ ഒരു യുദ്ധത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.












Click it and Unblock the Notifications