ഗർഭച്ഛിദ്രവും ക്രിമിനല്‍ കുറ്റങ്ങളും ആയുധമാക്കി കമലഹാരിസ്: കുടിയേറ്റത്തില്‍ തിരിച്ചടിച്ച് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സംവാദത്തില്‍ വീറും വാശിയും പുറത്തെടുത്ത് കമല ഹാരിസും ഡോണൾഡ് ട്രംപും. ആദ്യമായി ഇരുവരും മുഖാമുഖം വരുന്ന സംവാദത്തിന് ഇന്ത്യന്‍ സമയം രാവിലെ 6.30 ഓടെയാണ് തുടക്കമായത്. ജൂണിൽ ബൈഡൻ-ട്രംപ് സംവാദം നടന്നിരുന്നുവെങ്കിലും പാർട്ടിയിലെ തന്നെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ബൈഡന്‍ മാറി കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തുന്നത്.
ഫിലാഡൽഫിയയിൽ നടന്ന സംവാദത്തില്‍ ഗർഭച്ഛിദ്രം , ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയാണ് കമലഹാരിസ് പ്രധാനമായും ആയുധമാക്കിയത്. മറുവശത്ത് അഭയാർത്ഥി പ്രശ്നമായിരുന്നു ട്രംപ് ശക്തമായി ഉന്നയിച്ചത്. ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായാൽ ദേശീയ ഗർഭച്ഛിദ്ര നിരോധനത്തിൽ ഒപ്പുവെക്കുമെന്ന് കമലാ ഹാരിസ് അവകാശപ്പെട്ടു. ട്രംപ് ഇക്കാര്യം നിഷേധിക്കുകയും ഡെമോക്രാറ്റുകൾ ജനനത്തിനു ശേഷമുള്ള ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചു.

ഗർഭച്ഛിദ്രം ആയുധമാക്കി കമലഹാരിസ്
ഗർഭച്ഛിദ്രത്തിനുള്ള സർക്കാർ സംരക്ഷണം റദ്ദ് ചെയ്യുന്നതിനുള്ള ശ്രമങ്ങളിൽ ട്രംപ് നുണ പറയുകയാണെന്ന് കമല ഹാരിസ് തിരിച്ചടിച്ചു. പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നയങ്ങൾ അമേരിക്കയിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിശേഷിപ്പിച്ചു.
ട്രംപിന്റെ മുന്‍കാല ഭരണത്തേയും ഹാരിസ് ശക്തമായ ഭാഷയില്‍ അലപിച്ചു. മഹാമാന്ദ്യത്തിനു ശേഷമുള്ള യുഎസിലെ ഏറ്റവും മോശമായ തൊഴിലില്ലായ്മ പ്രതിസന്ധിയാണ് ട്രംപിന്റെ കാലത്ത് കണ്ടത്. അദ്ദേഹം അധികാരത്തില്‍ നിന്നും പുറത്ത് പോയതിന് ശേഷം വന്ന ഞങ്ങളുടെ സർക്കാർ അതെല്ലാം ശരിയാക്കിയെന്നും അവർ അവകാശപ്പെട്ടു. ട്രംപ് കാലത്തെ പൊതുജനാരോഗത്തിലെ വീഴ്ചകളും കമലഹാരിസ് ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ കുറ്റങ്ങള്‍
"ആഭ്യന്തരയുദ്ധത്തിന് ശേഷം യുഎസിൻ്റെ ജനാധിപത്യത്തിന് നേരെയുള്ള ഏറ്റവും മോശമായ ആക്രമണം" എന്ന് അമേരിക്കന്‍ പാർലമെന്റിന് നേരെ നടന്ന ആക്രമണത്തെ വിശേഷിപ്പിച്ചുകൊണ്ട് കമലഹാരിസ് ആക്രമണം തുടർന്നു. കുടിയേറ്റം, വംശം, മതപരമായ അസഹിഷ്ണുത, വിദ്വേഷ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കടുത്ത ധ്രുവീകരണം നേരിടുന്നു. അമേരിക്കൻ സമൂഹത്തിൽ ഇത്തരം ഭിന്നത സൃഷ്ടിച്ചതിന് പ്രധാന കാരണക്കാരന്‍ ട്രംപ് ആണെന്നും അവർ കുറ്റപ്പെടുത്തി.
കുടിയേറ്റം ആയുധമാക്കി ട്രംപ്
കുടിയേറ്റത്തെക്കുറിച്ചുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ നയം ഉയർത്തിപ്പിടിച്ചായിരുന്നു ട്രംപ് കമലഹാരിസിനെ പ്രധാനമായും നേരിട്ടത്. വ്യക്തിപരമായ ആക്രമണവും കമലിന്റെ ഭാഗത്ത് നിന്നുണ്ടായി. "അവൾ ഒരു മാർക്സിസ്റ്റാണ്. അവളുടെ അച്ഛൻ ഒരു മാർക്സിസ്റ്റായിരുന്നു. കോവിഡ് പാൻഡെമിക് സമയത്ത് മികച്ച ജോലി നിർവ്വഹിച്ചെങ്കിലും അതിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല" അദ്ദേഹം പറഞ്ഞു.
ചർച്ച കുടിയേറ്റത്തിലേക്ക് മാറിയതോടെ ട്രംപ് ഈ വിഷയത്തെക്കുറിച്ച് ഒരുപാട് സംസാരിക്കുമെന്ന് കമല ഹാരിസ് തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. ട്രംപിൻ്റെ റാലികളിൽ പങ്കെടുക്കാൻ അവർ ആളുകളെ ക്ഷണിക്കുകയും ചെയ്തു. ആ റാലി കാണുന്നത് വളരെ രസകരമായ കാര്യമാണ്. ഹാനിബാൾ ലെക്ടറെപ്പോലുള്ള സാങ്കൽപ്പിക കഥാപാത്രങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്, ആളുകൾ ബോറടിച്ചതിനാൽ അദ്ദേഹത്തിൻ്റെ റാലികൾ ഉപേക്ഷിക്കാൻ തുടങ്ങുകയാണെന്നും അവർ ആരോപിച്ചു.
കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ആരോപണം. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു. ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല ഹാരിസ് തിരിച്ചടിച്ചു.












Click it and Unblock the Notifications