അമേരിക്കയിലും തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം; ഫിലാഡല്‍ഫിയയില്‍ 'വഞ്ചന'യെന്ന് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഗുരുതരമായ ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായ പെൻസിൽവാനിയയിലെ പ്രധാന നഗരമായ ഫിലാഡല്‍ഫിയയില്‍ വോട്ടെടുപ്പില്‍ അട്ടിമറി നടക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
ഫിലാഡൽഫിയയിൽ പോളിങ് വളരെ അധികം ഉയർന്ന സാഹചര്യത്തിലായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി അട്ടിമറി സംശയിച്ച് രംഗത്ത് വന്നത്. നഗരത്തില്‍ പോളിങ് അസാധാരണമാംവിധം ഉയർന്നത് 'വഞ്ചനയെക്കുറിച്ചുള്ള' ചർച്ചകള്‍ക്ക് നഗരത്തില്‍ ഇടം നല്‍കിയിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം നിഷേധിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥന്‍ ഉടനടി തന്നെ രംഗത്ത് വരികയും ചെയ്തു. തെറ്റായ അവകാശ വാദങ്ങളുടെ മറ്റൊരു ഉദാഹരണമാണിതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണവുമായി ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ജോ ബൈഡനുമായി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴും വലിയ അട്ടിമറി ആരോപണം ഉന്നയിച്ച ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവി ഒഴിയാന്‍ വരെ തയ്യാറല്ലെന്ന് ഒരു ഘട്ടത്തില്‍ സൂചിപ്പിച്ചിരുന്നു.
ഫിലാഡല്‍ഫിയയില്‍ അട്ടിമറി നടക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും അതിനെ ശരിവെക്കുന്ന തരത്തിലുള്ള യാതൊരു തെളിവും പുറത്തുവിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, ട്രംപിന്റെ അവകാശവാദം തള്ളിക്കൊണ്ട് അദ്ദേഹത്തിന്റെ പാർട്ടിക്കാരന്‍ തന്നെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഈ ആരോപണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ സിറ്റി കമ്മീഷണർ സേത്ത് ബ്ലൂസ്റ്റീൻ വ്യക്തമാക്കിയതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
ഫിലാഡൽഫിയയിലെ വോട്ടിംഗ് സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കാന്‍ ഫിലാഡല്‍ഫിയയിലെ പൊലീസും ഇതുവരെ തയ്യാറായിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന യുദ്ധഭൂമിയായ പെൻസിൽവാനിയയിലെ വോട്ടിൻ്റെ സമഗ്രതയെക്കുറിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിധി ട്രംപിന് എതിരായി വരികയാണെങ്കില്‍ ഇത്തവണയും അദ്ദേഹം അത് അംഗീകരിക്കാന്‍ തയ്യാറായേക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
അതേസമയം, പെൻസിൽവേനിയയുടെ മിക്ക ഭാഗങ്ങളിലും മറ്റ് 16 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് അവസാനിച്ചു. വിസ്കോൻസിൻ, അരിസോന, നോർത്ത് കരോലീന മിഷിഗൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുകയും വോട്ടെണ്ണലിലേക്ക് കടക്കുകയും ചെയ്യും. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നാണ് അവസാന ഘട്ടത്തില്‍ പുറത്ത് വന്ന ദേശീയ സർവേയും വ്യക്തമാക്കുന്നത്. 49 % വോട്ട് കമല ഹാരിസും 48 % ട്രംപും നേടുമെന്ന് ന്യൂയോർക്ക് ടൈംസ് ദേശീയ സർവേ പ്രവചിക്കുന്നത്.












Click it and Unblock the Notifications