യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024; എന്താണ് ഇലക്ടറൽ കോളേജ്?, മാറി മറിയുന്ന കണക്കുകൾ
വാഷിംഗ്ടൺ: നവംബർ 5 നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രെംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതയാണ് സർവ്വെകളെല്ലാം പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഏറെ പ്രവചനാതീതമായി മാറിയിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ നേടിയാലും പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടേക്കാവുന്ന തരത്തിലാണ് യുഎസിലെ വോട്ടിംഗ് പ്രക്രിയ. 2000 ലും 2016 ലും അടക്കം ഇത്തരത്തിൽ കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥി പരാജയപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ജനകീയ വോട്ട് നേടാതെ രണ്ട് പേർ പ്രസിഡന്റ് ആയ ചരിത്രവും ഉണ്ട്. ഇലക്ടറൽ കോളേജ് എന്ന സംവിധാനമാണ് ഇതിന് കാരണം.

അമേരിക്കയിൽ വോട്ടർമാർ നേരിട്ടല്ല പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ആകെയുള്ളത്. ഇതിൽ 270 വോട്ട് ലഭിക്കുന്നവർ വിജയിക്കും.50 സംസ്ഥാനങ്ങളാണ് യുഎസിൽ ഉള്ളത്. ഓരോ സംസ്ഥാനത്തേയും ഇലക്ടറൽ വോട്ടുകൾ കോൺഗ്രസിലെ പ്രാതിനിധ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഓരോ സംസ്ഥാനത്തേയും രണ്ട് സെനറ്റർമാർക്ക് രണ്ട് ഇലക്ടറൽ വോട്ടുകൾ ഉണ്ടാകും. കോൺഗ്രസിലെ പ്രതിനിധികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് അധിക ഇലക്ടറൽ വോട്ടുകൾ ഉണ്ടാകുക.സംസ്ഥാനത്തിന്റെ ജനസംഖ്യ അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. കൂടുതൽ ജനപ്രതിനിധികൾ ഉള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇലക്ടറൽ വോട്ടുകൾ ഉണ്ടാകും. ഉദാഹരണത്തിന് കാലിഫോർണിയയ്ക്ക് 54 ഇലക്ടോറൽ വോട്ടുകളാണ് ഉള്ളത്. വ്യോമിംഗ് പോലുള്ള ചെറിയ സംസ്ഥാനങ്ങൾക്ക് മൂന്ന് വോട്ടുകളേ ഉള്ളൂ. അതേസമയം സംസ്ഥാനമല്ലെങ്കിലും വാഷിംഗ്ടൺ ഡിസിക്ക് മൂന്ന് ഇലക്ടറൽ വോട്ടുകൾ ഉണ്ട്.
വോട്ടിംഗ് പ്രക്രിയ
പൊതുതിരഞ്ഞെടുപ്പിന് ശേഷം ഓരോ സംസ്ഥാനങ്ങളുടേയും എക്സിക്യൂട്ടീവ് സാക്ഷപത്രം തയ്യാറാക്കും. ഇതിലാണ് ഓരോ സ്ഥാനാർത്ഥികളുടേയും ഇലക്ടറൽമാരെ രേഖപ്പെടുത്തുക. അവർക്ക് എത്ര വോട്ടുകൾ ലഭിച്ചുവെന്നും. ഇത് പിന്നീട് നാഷ്ണൽ ആർക്കീവ് ഏന്റ് റെക്കോഡ്സ് അഡ്മിനിസ്ട്രേഷന് കൈമാറും.
ഡിസംബറിലെ മൂന്നാമത്തെ ചൊവ്വാഴ്ച ഇലക്ടറൽമാരുടെ യോഗം നടക്കും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വെവ്വേറെ ബാലറ്റുകളിൽ വോട്ട് രേഖപ്പെടുത്തും.
അടുത്ത വർഷം ജനുവരി 6 നാണ് ഈ ഇലക്ടറൽ വോട്ടുകൾ എണ്ണുക. ഇതിനായി കോൺഗ്രസ് സംയുക്ത സമ്മേളനം നടക്കും. ഹൗസിലെയും സെനറ്റിലെയും അംഗങ്ങളുടെ സാന്നിധ്യത്തിൽ വൈസ് പ്രസിഡന്റിന്റെ മേൽനോട്ടത്തിലാണ് വോട്ടുകൾ എണ്ണുക. തുടർന്ന് പ്രസിഡന്റനെ പ്രഖ്യാപിക്കും.
ജനുവരി 20 ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കും
ഒരു സ്ഥാനാർത്ഥിക്കും 270 ഇലക്ടറൽ വോട്ടുകൾ ലഭിച്ചില്ലെങ്കിൽ ജനപ്രതിനിധി സഭയായിരിക്കും പ്രസിഡന്റിനെ തീരുമാനിക്കുക. , ഓരോ സംസ്ഥാന പ്രതിനിധികളും പ്രസിഡൻ്റിന് ഒരു വോട്ട് രേഖപ്പെടുത്തും. സെനറ്റർമാർ വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കും.
ചില സാഹചര്യങ്ങളിൽ ഇലക്ടറർമാർ അവർ ആർക്ക് വോട്ട് നൽകുമെന്ന് ഉറപ്പ് നൽകുന്നോ അവർക്ക് വോട്ട് ചെയ്യാതെ മറ്റൊരു സ്ഥാനർത്ഥിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇലക്ടറൽ വോട്ടിംഗ് സംവിധാനം ഒഴിവാക്കി പോപ്പുലർ വോട്ടിംഗിനെ അടിസ്ഥാനപ്പെടുത്തി പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. എന്നാൽ ഇതുവരേയും ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications