ഞങ്ങൾ കരുത്തർ... യുഎസിൽ അധികാരം നിലനിർത്തുമെന്ന് ട്രംപ്: തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് പഴി
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനാവുമെന്ന് ഡൊണാൾഡ് ട്രംപ്. രണ്ടാം തവണയും യുഎസിൽ അധികാരത്തിലെത്തുമെന്നാണ് ബുധനാഴ്ച പുലർച്ചെ ട്രംപ് നടത്തിയ പ്രവചനം. തിരഞ്ഞെടുപ്പ് തന്നിൽ നിന്ന് തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതായും ട്രംപ് ആരോപിച്ചിരുന്നു. ഞങ്ങൾ കരുത്തരായി മാറിയിട്ടുണ്ട്. പക്ഷേ അവർ തിരഞ്ഞെടുപ്പ് നിലനിർത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ഒരിക്കലും അതിനവരെ അനുവദിക്കില്ലെന്നും ട്രംപ് ട്വീറ്റിൽ കുറിച്ചു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാലും വലിയ വിജയമാണ് തങ്ങളെ കാത്തിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപ് ആരെയും പേരെടുത്ത് പരാമർശിക്കുകയോ തെളിവുകൾ നിരത്തുകയോ ചെയ്തിട്ടില്ലെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയെയാണ് ട്രംപ് ലക്ഷ്യം വെച്ചിരുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. വിജയ സാധ്യത സംബന്ധിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിനകം 160 മില്യൺ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 67 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗാണ് ഇത്.

വോട്ടർമാർ ഏറെ രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിയിരുന്നതിനാൽ തിരഞ്ഞെടുപ്പ് സുഗമമായി തന്നെയാണ് മുന്നോട്ടുപോയത്. ഇതിനിടെ വൈറ്റ് ഹൌസ്, സർക്കാർ കെട്ടിടങ്ങൾ, പ്രധാന വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ ഉയർത്തിയിട്ടുണ്ട്. സംഘർഷം ഉൾപ്പെടെയുള്ള അസാധാരണ സംഭവങ്ങൾ തടയുന്നതിന്റെ ഭാഗമായാണിത്.












Click it and Unblock the Notifications