ആസൂത്രിതം എന്ന് കരുതുന്നില്ല; ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ പതിച്ചതിൽ പ്രതികരിച്ച് യുഎസ്
വാഷിം ഗ്ടൺ; അടുത്തിടെ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക രം ഗത്ത്. മിസൈൽ പതനം ആസൂത്രിതമായി ചെയ്തതല്ലെന്നും സാങ്കേതിക തകരാർ കാരണം സംഭവിച്ചുപോയതാണെന്നുമാണ് തങ്ങളുടെ ഇന്ത്യൻ പങ്കാളികളിൽ നിന്ന് ലഭിച്ച വിവരം എന്നാണ് അമേരിക്ക പറഞ്ഞത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവായ നെഡ് പ്രൈസ് ആണ് അമേരിക്കക്കായി പ്രതികരിച്ചത്.
മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട തുടർസംശയങ്ങൾ നിവാരണം ചെയ്യാന്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായി സംസാരിക്കണമെന്നും മാധ്യമങ്ങളോട് നെഡ് പ്രൈസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യ മാർച്ച് ഒമ്പതിന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് ഒമ്പതാം തിയതിയാണ് ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിലെ ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിൽ പതിച്ചത്. സംഭവം അബദ്ധത്തിൽ തൊടുത്തുവിട്ടതാണെന്നും പതിവ് അറ്റകുറ്റപ്പണികൾക്കിടയിലെ സംഭവിച്ച സാങ്കേതിക തകരാറാണ് ഇതിന് പിന്നിലെന്നും ഇന്ത്യ അറിയിച്ചിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പാർലമെന്റിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം ഗ് പറഞ്ഞു. ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും ഉന്നതതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം നടന്നതിന്റെ അടുത്ത ദിവസം വൈകിട്ടാണ് പാക്കിസ്ഥാൻ്റെ ഇന്റർ സർവ്വീസസ് റിലേഷൻസിന്‍റെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണുവെന്ന് സ്ഥിരീകരിച്ച് വാർത്താ സമ്മേളനം നടത്തിയത്. സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നാണ് പാകിസ്ഥാന്റെ ആവിശ്യം.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്ഥാന്‍ നിലപാട് അറിയിച്ചു. ആഭ്യന്തര അന്വേഷണം മാത്രം നടത്താനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്തമല്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ പതിച്ച സംഭവം ഗൗരവവവും സുരക്ഷാ സംബന്ധവും സാങ്കേതികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ലളിതമായ വിശദീകരണം തൃപ്തികരമല്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications