ഭൂമിയുടെ ഭ്രമണപഥത്തില്‍ ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്ക
ബഹിരാകാശത്ത് ഭ്രമണപഥത്തില്‍ തങ്ങള്‍ ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക. ഇതാദ്യമായാണ് ഇക്കാര്യം അമേരിക്ക പരസ്യമായി സ്ഥിരീകരിക്കുന്നത്. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍, സഖ്യസേനകളെ സംരക്ഷിക്കാന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് അമേരിക്കയുടെ നടപടി.
ബഹിരാകാശ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഉടമ്പടിയായ 1967-ലെ 'ഔട്ടര്‍ സ്‌പേസ് ട്രീറ്റി' , ആണവായുധങ്ങളോ മറ്റ് വന്‍നാശം വിതയ്ക്കുന്ന ആയുധങ്ങളോ ഭൂമിയുടെ ഭ്രമണപഥത്തിലോ ബഹിരാകാശത്തോ സ്ഥാപിക്കുന്നത് നിരോധിക്കുന്നു. ചന്ദ്രനിലോ മറ്റോ സൈനിക താവളങ്ങളോ സൈനിക കേന്ദ്രങ്ങളോ നിര്‍മ്മിക്കുന്നതും, ആയുധ പരീക്ഷണങ്ങളും സൈനിക അഭ്യാസങ്ങളും നടത്തുന്നതും ഈ ഉടമ്പടി വിലക്കുന്നുണ്ട്.

എന്നിരുന്നാലും, ഭൂമിയുടെ ഭ്രമണപഥത്തിലെ എല്ലാ പരമ്പരാഗത ആയുധങ്ങളുടെയും വിന്യാസത്തിന് ഈ ഉടമ്പടി പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുമില്ല. ചില വിഭാഗം ആയുധങ്ങളുടെ വിന്യാസത്തിന് ഔട്ടര്‍ സ്‌പേസ് ട്രീറ്റി വ്യക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ആണവായുധങ്ങളോ മറ്റ് വന്‍നാശം വിതയ്ക്കുന്ന ആയുധങ്ങളോ വഹിക്കുന്ന വസ്തുക്കള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്നതില്‍ നിന്ന് രാഷ്ട്രങ്ങളെ നാലാം അനുച്ഛേദം വിലക്കുന്നു.
അത്തരം ആയുധങ്ങള്‍ ബഹിരാകാശത്ത് സ്ഥാപിക്കുന്നതും ഇത് നിരോധിക്കുന്നു. ചന്ദ്രനും മറ്റ് ഖഗോളവസ്തുക്കളും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും, അവിടെ ആയുധ പരീക്ഷണങ്ങളും സൈനിക അഭ്യാസങ്ങളും ഉള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഉടമ്പടി അനുശാസിക്കുന്നു. എന്നാല്‍, ഭൂമിയുടെ ഭ്രമണപഥത്തില്‍ പരമ്പരാഗത ആയുധങ്ങള്‍ വിന്യസിക്കുന്നതിനെ ഈ ഉടമ്പടി വ്യക്തമായി നിരോധിക്കുന്നില്ല.
അതേസമയം എന്ത് തരം ആയുധങ്ങളാണ് ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്നത് എന്നതില്‍ അമേരിക്ക വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല. 'ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സംയുക്ത സേനയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌പേസ് കണ്‍ട്രോള്‍ ആയുധങ്ങള്‍' തങ്ങളുടെ പക്കലുണ്ട്,' എന്നാണ് യുഎസ് സ്‌പേസ് ഫോഴ്‌സ് വക്താവ് പറഞ്ഞത്..
എന്നാല്‍ ആയുധങ്ങള്‍ ഏതൊക്കെയാണെന്നോ, അവയുടെ എണ്ണം, സ്ഥാനം, ശേഷി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയില്ല. സൗഹൃദ ബഹിരാകാശ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനും ബഹിരാകാശ മേഖലയിലെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുമുള്ള ശേഷികളെയാണ് സ്‌പേസ് കണ്‍ട്രോള്‍ എന്ന പദം സൂചിപ്പിക്കുന്നത്.
ശത്രുക്കളുടെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനോ അവയില്‍ ഇടപെടാനോ രൂപകല്‍പ്പന ചെയ്ത 'നോണ്‍-കൈനറ്റിക്' സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടാം. എന്നിരുന്നാലും, ഔദ്യോഗിക വിശദീകരണം ലഭ്യമല്ലാത്തതിനാല്‍, അമേരിക്ക സ്ഥിരീകരിച്ച ആയുധങ്ങള്‍ ഇലക്ട്രോണിക് യുദ്ധമുറ, സൈബര്‍ ശേഷി, ബഹിരാകാശ പേടകങ്ങളുടെ ഭൗതികമായ നശീകരണം, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള 'കൗണ്ടര്‍-സ്‌പേസ്' സാങ്കേതികവിദ്യ എന്നിവയില്‍ ഏതാണ് ഉള്‍പ്പെടുന്നതെന്ന് ഉറപ്പിച്ചു പറയാനാവില്ല.





Click it and Unblock the Notifications
