റഷ്യ-യുക്രൈൻ സമാധാന ചർച്ച നീട്ടുകൊണ്ടുപോകാൻ താത്പര്യമില്ല; കടുപ്പിച്ച് യുഎസ്
റഷ്യ-യുക്രൈൻ സമാധാന ചർച്ച നീട്ടുകൊണ്ടുപോകാൻ താത്പര്യമില്ലെന്ന് യുഎസ്.യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് യുഎസ് മധ്യസ്ഥം വഹിച്ചിട്ടും ഇരു രാജ്യങ്ങളും സമാധാനക്കരാർ ഉണ്ടാക്കാനുള്ള നീക്കങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് യുഎസ് പ്രതികരണം.
'ഈ ശ്രമം ആഴ്ചകളോളവും മാസങ്ങളോളവും നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾക്ക് താത്പര്യമില്ല. എത്രയും പെട്ടെന്ന് ഇക്കാര്യത്തിലൊരു തീരുമാനം കൈക്കൊള്ളണം. വരുന്ന ആഴ്ചകളിൽ ഇത് യാഥാർത്ഥ്യമാകുമോയെന്നാണ് അറിയേണ്ടത്', യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു. യൂറോപ്യൻ, യുക്രൈൻ നേതാക്കളുമായുള്ള കൂടിക്കാഴ്ച ശേഷം പാരീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റുബിയോ.

'പ്രസിഡന്റിനെ സംബന്ധിച്ച് ഇത് വേഗത്തിൽ പൂർത്തിയാക്കണമെന്ന ആഗ്രഹം ഉണ്ട്. അദ്ദേഹം വളരെയധികം സമയവും ഊർജവും ഇതിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. ഇത് വളരെ പ്രധാമാണ്, അതുപോലെ തന്നെ പ്രധാനമായ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്', റുബിയോ മുന്നറിയിപ്പ് നൽകി. യുഎസ്-യുക്രൈൻ ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് റുബിയോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം യുക്രൈനുമായി നടത്തിയ ചർച്ചയെ കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. യുക്രൈനിലെ ധാതുക്കൾ ഖനനം ചെയ്യുന്നതിന് യുഎസിന് അനുമതി നൽകി കൊണ്ടുള്ള കരാറിൽ യുക്രൈൻ ഒപ്പുവെയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചത്. നേരത്തേ ഫെബ്രുവരിയിൽ കരാർ ഒപ്പിടാനായിരുന്നു ചർച്ചകൾ. എന്നാൽ യുഎസിൽ വെച്ച് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും തമ്മിൽ നടന്ന ചർച്ച തർക്കത്തിലേക്ക് വഴിമാറുകയും അലസി പിരിയുകയും ചെയ്തതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം പാരിസിൽ നടന്ന ചർച്ച പോസിറ്റീവ് ആയിരുന്നുവെന്ന് സെലൻസ്കിയുടെ ഓഫീസ് പ്രതികരിച്ചു.
പ്രസിഡന്റ് പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ താൻ നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ ഏപ്രിൽ അല്ലെങ്കിൽ മെയ് ഓടെ സമാധാന കരാർ ഉണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം.
അതിനിടെ പാരീസിൽ വെച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലവ്റോവുമായി ചർച്ച നടത്തിയതായി റൂബി അറിയിച്ചു. സമാധാന കരാർ സംബന്ധിച്ച രൂപരേഖ അദ്ദേഹവുമായി പങ്കുവെച്ചതായും റുബിയോ പറഞ്ഞു. എല്ലാവരും അംഗീകരിക്കുന്ന സുരക്ഷ ഗ്യാരണ്ടികൾ തയ്യാറാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുക്ക് മുൻപിൽ വലിയ വെല്ലുവിളികൾ ഉണ്ട്. എന്നാൽ അത് എളുപ്പം സാധ്യമാകുമോയെന്ന കാര്യം വ്യക്തമല്ല', റുബിയോ കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് സമാധാന കരാർ ഉണ്ടാക്കുകയെന്നത് പ്രവാർത്തികമല്ലെങ്കിലും എത്രയും പെട്ടെന്ന് അത് സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications