'വിസ നല്‍കിയത് പഠിക്കാന്‍; വിപ്ലവത്തിനല്ല': തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ വിസ അമേരിക്ക റദ്ദാക്കി
വാഷിങ്ടണ്‍: പാലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കയിലെ കാമ്പസുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കടുത്ത നടപടികളാണു നേരിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാണ്. ഗാസയെ പിന്തുണച്ചും ഇസ്രായേലിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഹമാസ് അനുകൂലികളെന്ന് ആരോപിച്ച് ഇന്ത്യയില്‍ നിന്നുള്ളവരടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് അമേരിക്കയുടെ വിസ റദ്ദാക്കല്‍, നാടുകടത്തല്‍ നടപടിക്ക് വിധേയരാകുന്നത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അവരുടെ വിസയുടെ നിബന്ധനകള്‍ പാലിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശക്തമായ ഭാഷയില്‍ നിര്‍ദേശം നല്‍കി. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു വിസ നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അത് നന്നായി ഉപയോഗിച്ചില്ലെങ്കില്‍, ഞങ്ങള്‍ അത് പിന്‍വലിക്കാന്‍ പോകുകയാണ്.'' വിദ്യാര്‍ത്ഥി വിസയുടെ പരിധിക്കപ്പുറമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമൈസ ഓസ്ടര്‍ക്കിന്റെ വിസ അമേരിക്കന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ പ്രസ്താവന.
ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ''ഞങ്ങള്‍ അവരുടെ വിസ റദ്ദാക്കി... ഞങ്ങളുടെ സര്‍വകലാശാലാ കാമ്പസുകളെ തകര്‍ക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയാകാനല്ല, പഠിക്കാനും ബിരുദം നേടാനുമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് വിസ നല്‍കിയത്' - റൂബിയോ വ്യക്തമാക്കി.
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയായ റുമൈസ ഓസ്ടര്‍ക്കിനെ ചൊവ്വാഴ്ച രാത്രി മസാച്യുസെറ്റ്‌സിലെ അവരുടെ ഓഫ്-കാമ്പസ് അപ്പാര്‍ട്ട്മെന്റിന് പുറത്ത് ഫെഡറല്‍ ഏജന്റുമാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇപ്പോള്‍ റുമൈസ ഓസ്ടര്‍ക്കുമുണ്ട്.












Click it and Unblock the Notifications