റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ്; കടലിലെ പോര് കരയിലേക്കും? ആശങ്ക
വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുഎസ്-റഷ്യ സംഘര്‍ഷം. റഷ്യന്‍ പതാക വഹിക്കുന്ന എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് അമേരിക്കന്‍ സൈന്യം. യുഎസ് ഉപരോധം ലംഘിച്ചതിനാണ് 'മറീനേര' (മുന്‍പ് ബെല്ല -1) എന്ന പേരുള്ള എണ്ണ ടാങ്കര്‍ പിടിച്ചെടുത്തത്. ഐസ്ലന്‍ഡിന് സമീപം വെച്ചാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തടഞ്ഞത്. അമേരിക്കന്‍ ഉപരോധം മറികടന്ന് എണ്ണ കടത്തിയതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് യുഎസിന്റെ വിശദീകരണമെങ്കിലും റഷ്യന്‍ ഭരണകൂടം കടുത്ത അമര്‍ഷത്തിലാണ്. കപ്പലിന് സംരക്ഷണം ഒരുക്കാന്‍ റഷ്യ അന്തര്‍വാഹിനി അയച്ചെങ്കിലും കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് തന്നെ യുഎസ് കപ്പല്‍ എണ്ണക്കപ്പലിനെ തടഞ്ഞുവയ്ക്കുകയായിരുന്നു.
റഷ്യന്‍ പതാകയുള്ള കപ്പല്‍ അമേരിക്ക നേരിട്ട് പിടിച്ചെടുക്കുന്നത് സമീപകാല ചരിത്രത്തില്‍ ഇത് ആദ്യമായാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധത്തിലേക്കു വഴിതെളിക്കുന്നതാണ് കടലിലെ പുതിയ സംഭവ വികാസങ്ങള്‍. വെനിസ്വേലയുമായി ബന്ധമുള്ള കപ്പല്‍ നിലവില്‍ റഷ്യയുടെ സംരക്ഷണയിലായിരുന്നു.
യുഎസ് ഉപരോധം മറികടന്ന് ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും നിയമവിരുദ്ധമായി എണ്ണ കടത്തുന്നു എന്നാരോപിച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തത്. റഷ്യന്‍ യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനിയുടെയും സംരക്ഷണയിലായിരുന്നു ഈ കപ്പല്‍ നീങ്ങിയിരുന്നത്. രണ്ടാഴ്ചയോളം പിന്തുടര്‍ന്ന ശേഷമാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് എണ്ണ ടാങ്കര്‍ പിടികൂടുന്നത്. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയുടെ ഈ നടപടി പ്രകോപനപരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ അധികൃതര്‍ ആരോപിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് യുഎസ് - റഷ്യ സേനകള്‍ തമ്മില്‍ നേരിട്ട് കൊമ്പുകോര്‍ത്ത അപൂര്‍വ്വ സംഭവമാണിത്. ട്രംപ് അധികാരത്തിലേറിയ ശേഷം റഷ്യന്‍ പ്രഡിഡന്റ് പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറച്ചിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ ഏതു രീതിയില്‍ നയതന്ത്ര ബാധിക്കുമെന്ന ആകാംക്ഷയിലാണ് മറ്റു ലോക രാജ്യങ്ങള്‍.












Click it and Unblock the Notifications