കൊറോണ ബാധിക്കാതെ അമേരിക്ക ഇറാന് സംഘര്‍ഷം.... കൂടുതല്‍ ഉപരോധം, യാത്രകള്‍ക്ക് നിരോധനം!!
വാഷിംഗ്ടണ്‍: കൊറോണ ബാധയുടെ പശ്ചാത്തലത്തിലും അമേരിക്ക-ഇറാന് സംഘര്‍ഷം കടുക്കുന്നു. ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. കോവിഡ് ബാധയില്‍ ഏറ്റവും കൂടുതല്‍ പേര് മരിച്ചവരുടെ പട്ടികയിലേക്ക് അമേരിക്കയും എത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. നേരത്തെ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയും യുഎസ്സിനെതിരെ രംഗത്ത് വന്നിരുന്നു.
ഖമേനിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അമേരിക്ക ഉപരോധങ്ങള്‍ കടുപ്പിക്കുന്നതെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇറാന് ഉപരോധങ്ങള്‍ വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നുള്ള സന്നദ്ധ സംഘടനയുടെ മെഡിക്കല്‍ സേവനങ്ങള്‍ വേണ്ടെന്നും ഇറാന് അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ ഉപരോധം
ഉപരോധം ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇറാനിലെ പ്രമുഖര്‍ക്കും അഞ്ച് കമ്പനികള്‍ക്കുമാണ് അമേരിക്ക ഉപരോധം ചുമത്തിയിരിക്കുന്നത്. ഇറാനില്‍ ഇതുവരെ 2234 പേര് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്ന അവസ്ഥയിലാണ് ഈ ഉപരോധം എത്തുന്നത്. മുന്‍ എഫ്ബിഐ ഏജന്റ് റോബര്‍ട്ട് ലെവിന്‍സന്‍ ഇറാന്റെ കസ്റ്റഡിയില്‍ നിന്ന് മരിച്ചെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാള്‍ വര്‍ഷങ്ങള്‍ മുമ്പ് കാണാതായതാണ്. ഇറാന് ഇയാളെ തടവില്‍ വെച്ചെന്നായിരുന്നു യുഎസ് സംശയിച്ചിരുന്നത്.

പ്രതികാര നടപടി
റോബര്‍ട്ട് ലെവിന്സണ് മരിച്ചെന്ന റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ല. പക്ഷേ യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. ഇതിനുള്ള പ്രതികാര നടപടിയാണ് ഇറാനെതിരെയുള്ള ഉപരോധങ്ങള്‍. മേഖലയില്‍ കമ്പനികളുടെ വലിയൊരു ശൃംഖല തീര്‍ത്ത് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന് ഫണ്ട് നല്‍കുന്നുണ്ടെന്നാണ് യുഎസ് കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളുടെ അവശ്യ വസ്തുക്കളാണ് ഇറാന് ഇത്തരത്തില്‍ കൊള്ളയടിക്കും. തീവ്രവാദ സംഘടനകള്‍ക്കാണ് ജനങ്ങളേക്കാള്‍ പ്രാധാന്യം ഇറാന് നല്‍കുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനൂച്ചിന്‍ പറഞ്ഞു.

യുഎന്‍ ആവശ്യം തള്ളി
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അന്ന് തന്നെ വിദേശ സഹായം ആവശ്യമില്ലെന്നും ഇറാന് പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയോട് അഞ്ച് ബില്യണ്‍ ഇറാന് ആവശ്യപ്പെട്ടിരുന്നു. കൊറോണയെ പ്രതിരോധിക്കാനാണ് ഈ പണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊന്നും അംഗീകരിച്ചിട്ടില്ല. അതേസമയം ഇറാനിയന്‍ പരമോന്നത നേതാവിന്റെ ആരോപണം ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചെന്നാണ് സൂചന.

യുഎസ് പറയുന്നത്
ഉപരോധം ചുമത്തിയ വ്യക്തികളും കമ്പനികളും ഇറാഖി തുറമുഖം ഉം ഖസര്‍ വഴി കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന് യുഎസ് ആരോപിച്ചു. ഇറാഖിലെ കമ്പനികള്‍ മുഖേന പണം തട്ടിപ്പ് നടത്തുന്നുണ്ട്. സിറിയന്‍ ഭരണകൂടത്തിന് ഇന്ധനം മറിച്ച് വില്‍ക്കുന്നുണ്ട്. ഇറാഖിലേക്കും യെമനിലേക്കും പോരാട്ടങ്ങള്‍ക്കായി ആയുധങ്ങളുടെ കള്ളക്കടത്ത് നടത്തുന്നു. ഇറാഖി രാഷ്ട്രീയക്കാരെ ഭയപ്പെടുത്തി ഫണ്ടുകളും പബ്ലിക് ഡൊണേഷനുകളും വലിയൊരു മതപരമായ സ്ഥാപനത്തിലേക്ക് മാറ്റുകയാണ്. ഇതിലൂടെ ഇറാനിയന്‍ സൈനിക ബജറ്റിലേക്ക് പണമെത്തിക്കുകയാണ് ലക്ഷ്യമെന്നും യുഎസ് ആരോപിച്ചു.

യാത്രകള്‍ തടഞ്ഞു
കൊറോണ വ്യാപനം രണ്ടാമതും ഇറാനില്‍ പൊട്ടിപ്പുറപ്പെടുമെന്ന് ഭരണകൂടം പറയുന്നു. ഇതിന്റെ ഭാഗമായി എല്ലാ ആഭ്യന്തര യാത്രാ സര്‍വീസുകളും ഇറാന് നിരോധിച്ചു. ജനങ്ങള്‍ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും, നൗറസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അവര്‍ ആഘോഷിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അലി റാബി കുറ്റപ്പെടുത്തി. മറ്റ് നിയന്ത്രണങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനിടെ 143 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാനിയന്‍ വംശജര്‍ പലരും നാട്ടിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതാണ് നിരോധനത്തിന് കാരണം. ലോക്ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതും തിരിച്ചടിയാണ്. ജനങ്ങള്‍ കൂട്ടം കൂടുന്നതാണ് മരണനിരക്കും രോഗം പടര്‍ന്നുപിടിക്കാനും കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.