9,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ്
വാഷിങ്ടണ്‍: ആഗോള സോഫ്റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് 9,000 ത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ മനുഷ്യ വിഭവശേഷിയില്‍ നിന്ന് നാലു ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. 2023 ന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാണിത്. 9,100 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മെയ് മാസത്തിലും മൈക്രോസോഫ്റ്റ് പിരിച്ചുവിടല്‍ നടത്തിയിരുന്നു. അന്ന് 6,000 ജീവനക്കാരെയാണ് ബാധിച്ചത്. 2024 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ലോകമെമ്പാടും ഏകദേശം 228,000 ജീവനക്കാരാണ് കമ്പനിക്കുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് കൂട്ട പിരിച്ചുവിടലുകള്‍ നടത്തിയത്. പിരിച്ചുവിടല്‍ സംബന്ധിച്ച് റോയിട്ടേഴ്സിനോട് പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല. പിരിച്ചുവിടലിന്റെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം നേരിട്ട സാമ്പത്തിക അനിശ്ചിതത്വത്തെതുടര്‍ന്ന് അമേരിക്കയിലുടനീളം വിവിധ കോര്‍പ്പറേറ്റ് കമ്പനികള്‍ നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള കമ്പനിയുടെ പദ്ധതികള്‍ക്കിടയിലാണ് കൂട്ട പിരിച്ചുവിടലുകള്‍ എന്നതു ശ്രദ്ധേയമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ വമ്പന്‍ ടെക് കമ്പനികളെല്ലാം പിരിച്ചുവിടലിന്റെ പാതയിലാണ്.
പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജീവനക്കാരെ പ്രാപ്താരാക്കുന്നതിന്റെ ഭാഗമായാണ് ആളെക്കുറയ്ക്കുന്നതെന്നാണ് കമ്പനികളുടെ വാദം. പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഓഹരികള്‍ക്ക് തിരിച്ചടിയുണ്ടായി. ഓഹരി വില 0.68 ശതമാനം കുറഞ്ഞ് 493.5 ഡോളറില്‍ നിന്ന് 490.37 ഡോളറായി.












Click it and Unblock the Notifications