ഇറാനെ ആക്രമിക്കാന്‍ വന്ന യുഎസ് സൈനികര്‍ വെട്ടില്‍; ശുചിമുറി പണിമുടക്കി, കടലില്‍ മടുത്തു
ഇറാനെ ആക്രമിക്കാന്‍ പുറപ്പെട്ട യുഎസ് യുദ്ധക്കപ്പലിലെ സൈനികര്‍ മടുപ്പില്‍. എട്ട് മാസമായി കപ്പലില്‍ കഴിയുന്ന സൈനികര്‍ക്കാണ് മുഷിപ്പ്. പലരും ജോലി മതിയാക്കാന്‍ ആലോചിക്കുന്നുണ്ടത്രെ. കുടുംബത്തെ കാണാന്‍ സാധിക്കാത്തതാണ് മടുപ്പിന് ഒരു കാരണം. യുഎസ് യുദ്ധക്കപ്പലിലെ സൈനികര്‍ക്ക് മതിയായ ശുചിമുറി സൗകര്യമില്ലാത്തതും വെല്ലുവിളിയായി.
അമേരിക്കന്‍ നാവിക സേനയുടെ പ്രധാന യുദ്ധക്കപ്പലാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്. നിരവധി യുദ്ധ വിമാനങ്ങളും വഹിച്ച് കടലില്‍ ഈ കപ്പല്‍ കറങ്ങാന്‍ തുടങ്ങിയിട്ട് എട്ട് മാസമായി. ആണവായുധം വഹിക്കുന്ന കപ്പല്‍ കൂടിയാണിത്. 4500 യുഎസ് സൈനികരാണ് കപ്പലിലുള്ളത്. ഇവര്‍ക്ക് ആകെയുള്ളത് 650 ശുചിമുറികളാണ്. മിക്കതും പ്രവര്‍ത്തന രഹിതമാകുന്നതാണ് മറ്റൊരു വെല്ലുവിളി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കടലിലുണ്ട്. വെനസ്വേലയില്‍ യുഎസ് സൈന്യം നടത്തി ആക്രമണത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ഈ കപ്പലാണ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ അറസ്റ്റ് ചെയ്ത് യുഎസ്സിലെത്തിച്ച് ജയിലില്‍ അടച്ച ദൗത്യത്തിന്റെ ഭാഗമായിരുന്നു യുഎസ്എസ് ജെറാള്‍ഡ്.
അവിടെ നിന്ന് ഇറാനിലേക്ക് നീങ്ങാന്‍ നിര്‍ദേശം ലഭിച്ചു. ഇതുപ്രാകരമാണ് ഇറാന്‍ തീരത്ത് തമ്പടിക്കുന്നത്. സാധാരണ ആറ് മാസമാണ് കപ്പലില്‍ സൈനികര്‍ കഴിയാറുള്ളത്. ഇപ്പോള്‍ പരിധി വിട്ടുകഴിഞ്ഞതാണ് സൈനികരെ മടുപ്പിക്കുന്നത്. ഇനിയും ദൗത്യം നീളുമെന്ന വിവരം വന്നതോടെ പലരും ആശങ്കയിലായി. കക്കൂസ് പണിമുടക്കുന്നതാണ് പല സൈനികര്‍ക്കും കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്.
സൈനികരും സാങ്കേതിക വിദഗ്ധരും തമ്മില്‍ തര്‍ക്കം
മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യമില്ലാത്തതും വെല്ലുവിളിയായി. 13.3 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നിര്‍മിച്ച യുദ്ധക്കപ്പലിലാണ് ഈ അവസ്ഥ. പതിവായി അറ്റക്കുറ്റ പണികള്‍ നടക്കാത്തതാണ് കക്കൂസുകള്‍ പ്രവര്‍ത്തന രഹിതമാകാന്‍ കാരണം. മാത്രമല്ല തുടര്‍ച്ചയായി സൈനിക ദൗത്യത്തിന്റെ ഭാഗമായി കടലില്‍ റോന്തു ചുറ്റുകയാണ് കപ്പല്‍. അതുകൊണ്ടുതന്നെ സൈനികര്‍ക്ക് ജാഗ്രത കൈവിടാനും സാധിക്കില്ല.
മതിയായ കക്കൂസ് ഇല്ലാത്തതിനാല്‍ 45 മിനുട്ട് വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട് എന്ന് സൈനികരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികരും സാങ്കേതിക വിദഗ്ധരും തമ്മില്‍ മിക്കപ്പോഴും തര്‍ക്കത്തിലാണ്. സാങ്കേതിക വിദഗ്ധര്‍ ഒരു ദിവസം 19 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നതാണ് അവരെ മടുപ്പിക്കുന്നത്.
19 മണിക്കൂര്‍ ജോലി ചെയ്തിട്ടും ശുചിമുറി മാലിന്യം നീക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ പ്രതിസന്ധിയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് കപ്പലിലെ 205 ടോയ്‌ലറ്റുകള്‍ നാലു ദിവസം കേടായതാണ് പ്രതിസന്ധിയായത്. മാലിന്യം നീക്കാനും ശുദ്ധിയാക്കാനുള്ള സൗകര്യമില്ല എന്ന് സൈനികര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications