യുഎസിൽ ചുഴലിക്കാറ്റിൽ കനത്ത നഷ്ടം; 32 പേർ മരിച്ചതായി റിപ്പോർട്ട്
വാഷിങ്ടൺ: യു എസിൽ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നഷ്ടം. നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച കാറ്റിൽ 32 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല.
മിസോറിയിൽ പലയിടങ്ങളിലും വൈദ്യുിതി ബന്ധം തടസ്സപ്പെട്ടതായാണ് വിവരം. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറിതാമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ യു എസിൽ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. മിസ്സോറി, അർക്കൻസാസ്, ടെക്സസ്. ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സംസ്ഥാനങ്ങൾ.

വെള്ളിയാഴ്ച കൻസാസിൽ ഒരു ഹൈവേയിൽ ചുഴലിക്കാറ്റിൽ 50 ലധികം വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് എട്ട് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ശനിയാഴ്ച വൈകുന്നേരം മുതൽ കാലാവസ്ഥ കൂടുതൽ തീവ്രമായി. അർക്കൻസാസ്, ജോർജിയ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അർക്കൻസാസ് ഗവർണർ സാറ ഹക്കബി 2,50,000 ഡോളറും ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്. ഒക്ലഹോമയിൽ 689 ചതുരശ്ര കിലോ മീറ്റർ ഭൂമി കത്തിനശിച്ചതായും കാറ്റിനെ തുടർന്ന് വർദ്ധിച്ച് വരുന്ന തീപിടിത്തത്തിൽ 300 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് റിപ്പോർട്ട്.
കിഴക്കൻ ലൂസിയാന, അലബാമ വഴിയുള്ള മിസിസിപ്പി, പടിഞ്ഞാറൻ ജോർജിയ, ഫ്ലോറിഡ പാൻഹാൻഡിൽ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് സാധ്യത വളരെ കൂടുതലാണ്. അതേ സമയം ടെക്സസ്, കാൻസാസ്, മിസോറി. ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ കാട്ടുതീ നേരിടാൻ സാധ്യതയുണ്ട്. poweroutage.us എന്ന സൈറ്റ് പ്രകാരം ടെക്സസ്, ഒക്ലഹോമ, മിസോറി, ഇല്ലിനോയിസ്, ഇന്ത്യാന, മിഷിഗൺ എന്നിവിടങ്ങളിലെ
2,00,000-ത്തിലധികം വീടുകൾക്കും ബിസിനസ്സുകൾക്കും ശക്തമായ കാറ്റ് വൈദ്യുതി തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications