സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം; ആക്രമണം ഇറാന്റെ പിന്തുണയുള്ള സ്ഥലങ്ങളില്‍
ദമാസ്‌കസ്: സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ള കിഴക്കന്‍ സിറിയയിലെ രണ്ട് സ്ഥലങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യു എസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് വ്യോമാക്രമണം. ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ആക്രമണം. നേരത്തെ ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ആക്രമണത്തിന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ഒക്ടോബര്‍ 17 മുതല്‍ ഇറാഖിലെ യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ കുറഞ്ഞത് 12 ആക്രമണങ്ങളും സിറിയയിലെ യു എസ് കേന്ദ്രങ്ങള്‍ക്ക് നേരെ നാല് ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് എന്നാണ് പെന്റഗണ്‍ പറയുന്നത്. ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലും സിറിയയിലെ അല്‍-തന്‍ഫ് ഗാരിസണിലും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ 21 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പരമ്പരയ്ക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ അമേരിക്ക വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നതിനാണ് പ്രസിഡന്റ് ജോ ബൈഡന്‍ തിരിച്ചടിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ നിന്ന് വേറിട്ടതും വ്യത്യസ്തവുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇറാന് നേരിട്ട് പങ്കുണ്ടെന്ന് ബൈഡന്‍ ഭരണകൂടം ആരോപിച്ചിരുന്നില്ല. മാത്രമല്ല ടെഹ്റാന്‍ അതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ലെന്നാണ് തോന്നുന്നതെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇറാന്‍ വളരെക്കാലമായി ഹമാസിനെ പിന്തുണയ്ക്കുകയും ഇറാനും അതിന്റെ അനുയായികളും സംഘര്‍ഷത്തെ വിശാലമായ യുദ്ധമാക്കി മാറ്റുമെന്ന ആശങ്കയും യു എസ് ഉന്നയിച്ചിട്ടുണ്ട്. യു എസ് ഒരു വലിയ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇറാനിയന്‍ പ്രോക്‌സി ഗ്രൂപ്പുകള്‍ അതിന് ശ്രമം തുടരുകയാണെങ്കില്‍ തങ്ങളുടെ സേനയെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടിയെടുക്കാന്‍ യുഎസ് മടിക്കില്ലെന്നും ഓസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications