ഇറാനെ ആക്രമിച്ച് യുഎസ്: കപ്പൽ ആക്രമണത്തിന് മറുപടിയെന്ന്..തിരിച്ചടിച്ച് ഇറാൻ; ഹോർമുസിൽ വീണ്ടും സംഘർഷം
ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് നടപടിയെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസികൾ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ ഏത് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നോ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നോ ഐആർജിസി വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ചയാണ് ഇറാനെതിരെ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയത്. മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്ക് നേരെയുമായിരുന്നു യുഎസ് ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
അതേസമയം അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇതേ നിലപാടാണ് അമേരിക്ക തുടരുന്നതെങ്കിൽ അവർ ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം അൽ ഫിഖാർ പറഞ്ഞു.
'ഈ ആക്രമണത്തിന് മറുപടി നൽകാതെ വിടില്ല. എപ്പോൾ, എവിടെ മറുപടി നൽകണമെന്ന് തീരുമാനിക്കുക ഇറാനാണ്. ഇനി എന്തെങ്കിലും വിഡ്ഢിത്തം ആവർത്തിച്ചാൽ ആക്രമണകാരികളുടെ എല്ലാ കണക്കുകൂട്ടലുകളും തകർക്കുന്ന തിരിച്ചടിയാകും ഉണ്ടാകുക. ഒരു പിന്മാറ്റവുമില്ല. ഞങ്ങളുടെ മറുപടി ഭൂമിയെ നടുക്കുന്നതായിരിക്കും. മേഖലയിലെ നിങ്ങളുടെ സൈനിക സാന്നിധ്യം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്ന തരത്തിൽ ഇല്ലാതാക്കും', അദ്ദേഹം എക്സിൽ കുറിച്ചു.
'ഇന്നത്തെ രാത്രി സാധാരണ രാത്രിയല്ല. മൂന്ന് സംഖ്യകൾ ഒത്തുചേരുന്ന നിമിഷം എല്ലാം മാറും. അപ്പോൾ സംസാരിക്കാൻ ഒന്നുമുണ്ടാകില്ല, ലോകം ഇതൊക്കെ കണ്ട് നിൽക്കേണ്ടി വരും. ഇത് ചരിത്രത്തിൽ ഇടംപിടിക്കുന്ന രാത്രിയാകും. അമേരിക്കൻ ആക്രമണത്തിനുള്ള മറുപടി അതിവേഗവും നിർണായകവുമായിരിക്കും', അദ്ദേഹം കുറിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് മേഖലയിൽ അമേരിക്ക നടത്തുന്ന ആദ്യ സൈനിക നടപടിയാണിതd. ധാരണപ്രകാരം 60 ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് അധിക ട്രാൻസിറ്റ് ഫീസ് ഈടാക്കാതെ തുറന്നുനൽകുമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. പകരമായി മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കാനും ആണവ ചർച്ചകൾ 60 ദിവസത്തേക്ക് പുനരാരംഭിക്കാനും അമേരിക്കയും സമ്മതിച്ചിരുന്നു.
വീണ്ടും യുദ്ധഭീതി
വെള്ളിയാഴ്ച ഇറാനെതിരെ നടത്തിയ ആക്രമണം വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണത്തിന് നൽകിയ ശക്തമായ മറുപടിയാണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ആവർത്തിക്കുന്നത്.'വാണിജ്യ കപ്പൽഗതാഗതത്തിനെതിരായ ഇറാന്റെ പ്രകോപനപരമായ ആക്രമണം വെടിനിർത്തൽ ധാരണയുടെ വ്യക്തമായ ലംഘനമാണ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണ് അമേരിക്കയുടെ നടപടി', സെൻട്രൽ കമാൻഡ് എക്സിൽ പ്രസ്താവനയിലൂടെ അറിയിച്ചു.
സിംഗപ്പൂർ പതാകയുള്ള 'എവർ ലവ്‌ലി' എന്ന ചരക്കുകപ്പലിന് നേരെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെടിയുതിർത്തെന്നാണ് യുഎസ് ആരോപിക്കുന്നത്.ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്നു കപ്പൽ. ഒമാനിലെ ദാഹിത് തുറമുഖത്തിന് തെക്കുകിഴക്കായി ഏകദേശം 7.5 നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോൾ കപ്പലിന്റെ വലതുവശത്ത് ഒരു പ്രൊജക്ടൈൽ പതിച്ചെന്നാണ് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചത്.ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ അനുമതിയില്ലാതെ കപ്പലുകൾ സഞ്ചരിക്കരുതെന്ന് ഇറാന്റെ അർധസൈനിക നാവികസേന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുശേഷമാണ് ഈ സംഭവം നടന്നത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications