ഇറാനിലെ ഫരൂർ ദ്വീപിൽ യുഎസ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്
ഇറാനെതിരായ ആക്രമണം കടുപ്പിച്ച് യു.എസ്. ഞായറാഴ്ച രാത്രി ഇറാനിയൻ പോർട്ട് സിറ്റിയായ ബന്ദർ ലെംഘേയ്ക്ക് സമീപമുള്ള ഫരൂർ ദ്വീപിലിൽ യു.എസ് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ്റെ തെക്കൻ തീരത്ത് ഹോർമുസ് പ്രവിശ്യയോട് ചേർന്ന് നിൽക്കുന്ന ദ്വീപാണ് ഫാറൂർ. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാന ഇടനാടിയായ ഹോർമുസ് കടലിടുക്കിന് ഏറ്റവും സമീപത്തുള്ള ദ്വീപ് കൂടിയാണിത്. ഇറാൻ്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ ലക്ഷ്യം വെച്ചാണ് ഇപ്പോൾ യു.എസ് ആക്രമണം നടത്തുന്നത്. ബന്ദർ അബ്ബാസ്, സിരിക്, ഖേഷം ദ്വാപ്, ബന്ദർ ലെംഘേ തുടങ്ങിയ പ്രദേശങ്ങളിലും യു.എസ് സൈനിക ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. കനത്ത നാശനഷ്ടമാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന പ്രദേശങ്ങൾ മാത്രമാണ് തങ്ങൾ ആക്രമിച്ചതെന്നാണ് യു.എസ് പറയുന്നത്.

ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഉള്ള വളരെ ചെറിയ ദ്വീപുകളിലൊന്നാണ് ഫാറൂർ. പേർഷ്യൻ ഉൾക്കടലിൽ ബന്ദർ ലെംഘേ തുറമുറത്തിന് സമീപത്താണ് ഈ കുഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഉൾക്കടലിനെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിന് സമീപത്ത് തന്നെയാണ് ഫറൂർ. ലോകത്തിലെ എണ്ണ വ്യാപാരത്തിൻ്റെ വലിയ ഭാഗവും ഈ തന്ത്രപ്രധാന ഇടനാഴിയിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഫറൂർ പോലുള്ള ദ്വീപുകളിലാണ് ഇറാൻ്റെ പ്രധാന സൈനിക താവളങ്ങളും തീരനിരീക്ഷണ സംവിധാനങ്ങളും സ്ഥിതി ചെയ്യുന്നത്.
മാത്രമല്ല ഗൾഫ് രാജ്യങ്ങളിലേക്കുള്ള വാണിജ്യ എണ്ണക്കപ്പലുകൾ സഞ്ചാരിക്കുന്ന പ്രധാന സമുദ്രപാത നിരീക്ഷിക്കുന്ന തന്ത്രപ്രധാന ഇടം കൂടിയാണ് ഈ ദ്വീപ് പ്രദേശം. അതുകൊണ്ട് തന്നെ ഫരൂർ ദ്വീപിൽ നടക്കുന്ന ഏതൊരു ആക്രമണവും വലിയ തന്ത്രപ്രാധാന്യത്തോടെയാണ് ഇറാനും മറ്റ് ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഇറാൻ്റെ മിസൈൽ-ഡ്രോണ്‍ അടിസ്ഥാന സൌകര്യങ്ങളും തീരദേശ നിരീക്ഷണ സംവിധാനങ്ങളും നാവിക സൌകര്യങ്ങളും ആക്രമിച്ചതായി യു എസ് സെൻട്രൽ കമൻ്റ് പറഞ്ഞു. അതേസമയം യു.എസ് ആക്രമണത്തിൽ ഇറാൻ്റെ ബന്ദർ അബ്ബാസ്, ബഷർ ഉൾപ്പെടെയുള്ള നിരവധി ദ്വീപുകളിൽ നാശനഷ്ടം ഉണ്ടായതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇറാനും യു.എസും തമ്മിലുള്ള സമാധാനച്ചർച്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ പോയ കപ്പൽ ഇറാൻ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാനെതിരായ ആക്രമണം യു.എസ് വീണ്ടും ശക്തമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമാണ് ഇരുരാജ്യങ്ങളും നടത്തുന്നത്.


Click it and Unblock the Notifications