ട്രംപ് ചുമത്തിയ താരിഫുകള്‍ വെട്ടാന്‍ യുഎസ് സുപ്രീകോടതി? അസാധുവാക്കിയാല്‍ സംഭവിക്കുന്നത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരത്തിലേറിയ ശേഷം ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും കടുത്ത നടപടിയായിരുന്നു മറ്റു രാജ്യങ്ങള്‍ക്കു മേലുള്ള കനത്ത തീരുവ ചുമത്തല്‍. അമേരിക്കയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ കനത്ത തീരുവ ആഗോള വിപണിയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് വ്യാപാര യുദ്ധത്തിലേക്കും വഴിതെളിച്ചിരുന്നു. ട്രംപിന്റെ പിടിവാശി മൂലം അമേരിക്കന്‍ കമ്പനികള്‍ തന്നെ വലിയ പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. താരിഫിന്റെ പേരില്‍ ഇന്ത്യ, കാനഡ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളുമായി ട്രംപ് ഇടയുകയും ചെയ്തു.
റഷ്യന്‍ എണ്ണ ഇന്ത്യ പേരിലും വാങ്ങുന്നതിന്റെ പേരിലും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും ഒക്കെ താരിഫ് തലങ്ങും വിലങ്ങും എടുത്തുപ്രയോഗിക്കുന്നത് നിയമവിധേയമാണോ എന്ന ചോദ്യം ഇപ്പോള്‍ യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് ഡൊണാള്‍ഡ് ട്രംപ് മറ്റു രാജ്യങ്ങള്‍ക്കു മേല്‍ താരിഫ് ചുമത്തിയതിന്റെ നിയമ സാധുതയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. സുപ്രീം കോടതി വിധി എങ്ങാനും ട്രംപ് ഭരണകൂടത്തിന് എതിരായാല്‍ അത് ആഗോള വ്യാപാരത്തിലും അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലും ട്രംപിന്റെ അധികാരത്തിന് പോലും വലിയ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാന്‍ ഇടയുണ്ട്.

താരിഫിന്റെ പേരില്‍ സുപ്രീംകോടതിയില്‍ ഉണ്ടായ ശക്തമായ വാദം ട്രംപ് ഭരണകൂടത്തിനെതിരായി ഒരു വിധി ഉണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. മറ്റു രാജ്യങ്ങള്‍ക്കു മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ അസാധുവാക്കിയാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള മൂന്ന് സാഹചര്യങ്ങളാണ് ഇവിടെ പറയുന്നത്.
താരിഫിനെതിരായ വിധി വന്നാല്‍ ലോകവിപണിയില്‍ അമേരിക്കയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടാനും ഇത് കാരണമാകും. ആഗോള വ്യാപാരത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
താരിഫുകള്‍ സുപ്രീം കോടതി അസാധുവാക്കിയാല്‍ നിലവിലെ താരിഫ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വ്യാപാര ചട്ടക്കൂടുകളും കരാറുകളും പൊളിച്ചെഴുതേണ്ടി വരും. ഈ കരാറുകള്‍ക്ക് അവയുടെ നിയമസാധുത നഷ്ടപ്പെട്ടാല്‍ ഇത് അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കിടയില്‍ വീണ്ടും വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കും. ഭാവിയിലും അമേരിക്കന്‍ വ്യാപാര നയങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടാനും ഇത് കാരണമാകും.
വിവിധ രാജ്യങ്ങളുമായി നിലവിലുള്ള വ്യാപാര കരാറുകള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരും. ചൈന, ജപ്പാന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തേണ്ടി വരുന്നത് അമേരിക്കയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കും.
രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ നിയമവിരുദ്ധമായാണ് ചുമത്തിയതെന്ന് കോടതി വിധിച്ചാല്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നവര്‍ വലിയ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇതു വലിയ പ്രതിസന്ധി ഉണ്ടാക്കും. പുതിയ വ്യാപാര നയത്തിന് അനുസൃതമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെലവു ചുരുക്കുകയും ചെയ്ത അമേരിക്കന്‍ കമ്പനികളും പ്രതിസന്ധിയിലാകും.
അതേസമയം കോടതി താരിഫുകള്‍ അസാധുവാക്കയാലും ട്രംപ് തോറ്റ് പിന്മാറാന്‍ സാധ്യതയില്ല. രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തിയ തീരുവകള്‍ പൂര്‍ണമായും ഉപേക്ഷിക്കില്ലെന്ന് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. താരിഫുകള്‍ അസാധുവാക്കിയാല്‍ മറ്റു വഴികള്‍ തേടാനാണ് ട്രംപിന്റെ നീക്കം.












Click it and Unblock the Notifications