• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താലിബാനുമായി അമേരിക്ക നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറായത് നിവൃത്തികേടു കൊണ്ടെന്ന് റിപ്പോര്‍ട്ട്

  • By desk

വാഷിംഗ്ടണ്‍: ഒരാഴ്ച മുമ്പ് ഖത്തറിലെ താലിബാന്‍ രാഷ്ട്രീയകാര്യ ഓഫീസില്‍ വച്ച് അമേരിക്കന്‍ പ്രതിനിധിയും താലിബാന്‍ നേതാക്കളും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയിലേക്ക് നയിച്ചത് അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയ്‌ക്കേറ്റ തിരിച്ചടികളെന്ന് റിപ്പോര്‍ട്ട്.

യു.എസ്സിന്റെ നിലപാട് മാറ്റം

കഴിഞ്ഞ 17 വര്‍ഷമായി താലിബാന്‍ ഭീകരരുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ച അമേരിക്ക അവസാനം നിലപാട് മാറ്റാന്‍ നിര്‍ബന്ധിരാവുകയായിരുന്നു. അമേരിക്കയുടെ അഫ്ഗാന്‍ കാര്യങ്ങളുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥയായ ആലിസ് വെല്‍സ് ആണ് താലിബാന്‍ നേതാക്കളുമായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കൂടിക്കാഴ്ച നടത്തിയത്.

സപ്തംബറില്‍ തുടര്‍ ചര്‍ച്ച

ഖത്തര്‍ ചര്‍ച്ച ആശാവഹമായിരുന്നുവെന്നും സപ്തംബറില്‍ കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുമെന്നും ഇരുവിഭാഗവും പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഇതൊരു തുടക്കം മാത്രമായിരുന്നുവെന്നും ഭാവി ചര്‍ച്ചയിലേക്കുള്ള മുന്നൊരുക്കമായി മാത്രം ഇതിനെ കണ്ടാല്‍മതിയെന്നുമാണ് ചര്‍ച്ചയെക്കുറിച്ച് താലിബാന്‍ നേതാവ് പ്രതികരിച്ചത്. അഫ്ഗാന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്ഗാന്‍ സര്‍ക്കാരിനെ ഒഴിവാക്കി

ദോഹ ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും തന്നെയുണ്ടായിരുന്നില്ല എന്നതും താലിബാന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കാരണം അഫ്ഗാന്‍ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കും തങ്ങളില്ലെന്ന നിലപാടായിരുന്നു തുടക്കം മുതലേ താലിബാന്‍ വച്ചുപുലര്‍ത്തിയത്. അമേരിക്കയാവട്ടെ, അഫ്ഗാന്‍ സര്‍ക്കാരമായി മാത്രമേ ചര്‍ച്ച നടക്കൂ എന്ന നിലപാടിലായിരുന്നു ഇത്രയും കാലം. ഇക്കാര്യത്തില്‍ താലിബാന്‍ നിലപാട് അംഗീകരിക്കേണ്ട അവസ്ഥയാണ് യു.എസ്സിന് ഉണ്ടായിരിക്കുന്നത്.

പിടിച്ചുനില്‍ക്കാനാവാതെ യു.എസ്

പതിറ്റാണ്ടിലേറെ നീണ്ട അഫ്ഗാന്‍ യുദ്ധത്തിനു ശേഷവും രാജ്യത്തിന്റെ ഏഴുപത് ശതമാനത്തോളം പ്രദേശങ്ങളും താലിബാന്റെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ നിയന്ത്രണത്തിലാണെന്നതാണ് നിലവിലെ അവസ്ഥ. അമേരിക്കന്‍ സൈനികരുള്‍പ്പെടെയുള്ള നാറ്റോ സഖ്യത്തിനാവട്ടെ കനത്ത തിരിച്ചടിയാണ് നാള്‍ക്കുനാള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രശ്‌നം എങ്ങനെയെങ്കിലും അവസാനിപ്പിക്കുകയെന്ന നിലപാടിലാണ് അമേരിക്കയിപ്പോള്‍.

പെരുന്നാളിന് വെടിനിര്‍ത്തല്‍

ആഗസ്തില്‍ വരാനിരിക്കുന്ന ബലിപെരുന്നാളിനോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന കാര്യം ഇരുവിഭാഗവും ചര്‍ച്ച ചെയ്തതായി താലിബാന്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ സമയത്തെ മൂന്ന് ദിവസം നീണ്ട വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സമാധാനത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്‍കിയിരുന്നതായും ഇത്തവണ കൂടുതല്‍ കാലത്തേക്ക് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ടും പറഞ്ഞു. അതേസമയം, വിദേശ സൈനികര്‍ അഫ്ഗാന്‍ വിടുക, രാജ്യത്ത് ശരീഅ നിയമം നടപ്പിലാക്കുക തുടങ്ങിയ താലിബാന്റെ നിലപാടുകള്‍ ചര്‍ച്ചയുടെ പുരോഗതിക്ക് വിലങ്ങുതടിയാവുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

English summary
US talks with the Taliban in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X