യുഎസില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പെടെ റദ്ദാക്കപ്പെടാം; പുതിയ മുന്നറിയിപ്പ്
വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരുടെ സമൂഹ മാധ്യമത്തിലെ ഇടപെടലുകള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. യഹൂദ വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഏതൊരു പോസ്റ്റിന്റെയും പേരില്‍ അക്കൗണ്ട് ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നയാളെ വിസ റദ്ദാക്കി നാടുകടത്തും. പുതിയ നയം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് യുഎസ്‌സിഐഎസ് പ്രസ്താവനയില്‍ അറിയിച്ചു.
പാലസ്തീനെ അനുകൂലിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപ് ഭരണകൂടം അമേരിക്കയിലെ നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കിയതായി റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് പുതിയ പ്രഖ്യാപനം. ഹമാസിനെ പിന്തുണയ്ക്കുകയും യഹൂദ വിരുദ്ധയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിസ റദ്ദാക്കുകയോ നിരസിക്കുകയോ ചെയ്യാനാണ് ഡൊണാള്‍ഡ്
ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അതില്‍ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളും ഉണ്ടാകും.

കഴിഞ്ഞ മാസം അവസാനം മുന്നൂറോളം പേരുടെ വിസകള്‍ റദ്ദാക്കിയതായും ദിവസവും ഇത്തരത്തില്‍ വിസകള്‍ റദ്ദാക്കപ്പെടുന്നുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് അമേരിക്കക്കാര്‍ക്ക് തുല്യമായ അവകാശങ്ങളില്ലെന്നും വിസ നല്‍കുന്നതും നിരസിക്കുന്നതും ജഡ്ജിമാരല്ല, മറിച്ച് ഭരണകൂടത്തിന്റെ വിവേചനാധികാരമാണെന്നും റൂബിയോ പറഞ്ഞു.
'തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ക്ക് അമേരിക്കയില്‍ ഇടമില്ല. അവരെ രാജ്യത്ത് പ്രവേശിപ്പിക്കാനോ ഇവിടെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല' - ഹോംലാന്‍ഡ് സെക്യൂരിറ്റി പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്ലിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതര്‍ എന്നിവയുള്‍പ്പെടെ അമേരിക്ക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അക്കൗണ്ട് ഉടമകള്‍ നാടുകടത്തലിന് വിധേയമാക്കപ്പെടാം. അമേരിക്കയില്‍ സ്ഥിര താമസക്കാരായ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും വിദ്യാര്‍ത്ഥി വിസയില്‍ താമസിക്കുന്നവര്‍ക്കും പുതിയ നയം ബാധകമാകും.
മഹ്‌മൂദ് ഖലീല്‍, റുമൈസ ഓസ്ടര്‍ക് എന്നിവര്‍ ഉള്‍പ്പെടെയുള്ള പാലസ്തീനെ അനുകൂലിച്ച വിദ്യാര്‍ത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. ഹമാസ് അനുകൂലികളെന്ന് ആരോപിച്ച് ഇന്ത്യയില്‍ നിന്നുള്ളവരടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് സമീപകാലത്തായി അമേരിക്കയുടെ വിസ റദ്ദാക്കല്‍, നാടുകടത്തല്‍ നടപടിക്ക് വിധേയരാകുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കണ്ടെത്താന്‍ ക്യാച്ച് ആന്‍ഡ് റിവോക്ക് എന്ന പ്രോഗ്രാമും യുഎസ് ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്.
യുഎസ് നിരോധിച്ച തീവ്രവാദ സംഘടനകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിക്കുകയോ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ നിരീക്ഷിക്കുന്ന സംവിധാനമാണ് ക്യാച്ച് ആന്‍ഡ് റിവോക്ക് പ്രോഗ്രാം.












Click it and Unblock the Notifications