Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെ സമ്മാനങ്ങള്‍ തന്ന് യാത്രയാക്കി; ഇന്ന് വിയോഗ വാര്‍ത്ത; മാര്‍പാപ്പയെ കണ്ട അവസാന നേതാവ് ജെഡി വാന്‍സ്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ലോകം മുഴുവന്‍. ഏറെ നാളായി ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ക്ഷീണിതനായിരുന്നെങ്കിലും കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ഈസ്റ്റര്‍ കുര്‍ബാനയ്ക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തതും ഗാസയ്ക്കു വേണ്ടി സന്ദേശം നല്‍കിയതും പാപ്പ തിരിച്ചുവരികയാണെന്ന സൂചനകള്‍ നല്‍കിയിരുന്നു. അതിനിടെയാണ് 88-ാം വയസില്‍, ഈസ്റ്റര്‍ ദിനത്തിന്റെ പിറ്റേന്ന് വിയോഗ വാര്‍ത്ത എത്തിയത്.

വിയോഗത്തിന് തൊട്ടുമുന്‍പ് മാര്‍പാപ്പയെ സന്ദര്‍ശിച്ച ലോക നേതാവ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ്. ഇന്നലെ ഈസ്റ്റര്‍ ദിനത്തിലായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പ താമസിക്കുന്ന വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ട്ടയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ആശുപത്രി വിട്ടെങ്കിലും ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സ തുടരുന്നതിനാല്‍ സന്ദര്‍ശകരെ ഇവിടേക്ക് അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ജെഡി വാന്‍സിന് പ്രത്യേകമായി അനുമതി ലഭിച്ചത്. ഏതാനും മിനിട്ടുകള്‍ മാത്രമാണ് കൂടിക്കാഴ്ച്ച നീണ്ടത്.

Pope-JD Vance

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ എല്ലാ കാലത്തും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജീവന്‍ പണയം വച്ച് മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചുവരുന്ന കുടിയേറ്റക്കാരോട് അനുകമ്പാപൂര്‍വം പെരുമാറണം എന്നതായിരുന്നു പാപ്പയുടെ നിലപാട്.

അമേരിക്കയിലുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ മനുഷ്യത്വ രഹിതമായി അവരുടെ നാട്ടിലേക്ക് തിരിച്ചയച്ചത് ഉള്‍പ്പെടെയുള്ള സമീപനങ്ങള്‍ അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആഗോള തലത്തില്‍ വലിയ വിമര്‍ശനത്തിനും ട്രംപിന്റെ ഈ കുടിയേറ്റ വിരുദ്ധ നടപടികള്‍ കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ചയ്ക്ക് പ്രസക്തിയേറുന്നത്.

മിനിറ്റുകള്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ ഇരുവരും ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. വാന്‍സിനും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയ്ക്കും കുട്ടികള്‍ക്കുമായി ജപമാലകള്‍, വത്തിക്കാന്‍ ടൈ, ചോക്‌ലേറ്റുകള്‍, ഈസ്റ്റര്‍ മുട്ടകള്‍ എന്നിവ സമ്മാനമായി നല്‍കിയിരുന്നു.

സന്ദര്‍ശനത്തിന് അനുമതി നല്‍കിയ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ വാന്‍സ് പാപ്പയുടെ സൗഖ്യത്തിനായി ആശംസകളും നേര്‍ന്നിരുന്നു. പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം വത്തിക്കാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വാന്‍സ് ചര്‍ച്ചകള്‍ നടത്തി. കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, തടവുകാര്‍ എന്നിവരുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ നടന്നത്.

വിയോഗ വാര്‍ത്ത അറിഞ്ഞ് മാര്‍പാപ്പയ്ക്ക് ജെഡി വാന്‍സ് അനുശോചനങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രൈസ്തവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് വാന്‍സ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലാണ് വാന്‍സ് ഇപ്പോഴുള്ളത്.

'ഇന്നലെ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. പാപ്പ വളരെ ക്ഷീണിതനായിരുന്നു. ദൈവം പാപ്പയുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ'. കോവിഡിന്റെ സമയത്ത് പാപ്പ പങ്കുവെച്ച ദര്‍ശനങ്ങളും മുന്നോട്ടുവച്ച മാതൃകയും ഞാന്‍ എപ്പോഴും ഓര്‍ക്കും - യുഎസ് വൈസ് പ്രസിഡന്റ് സന്ദേശത്തില്‍ പറഞ്ഞു. 2019-ല്‍ ജെഡി വാന്‍സ് കത്തോലിക്ക സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയിരുന്നു.

ഈ മാസം ആദ്യം ബ്രിട്ടീഷ് രാജാവ് ചാള്‍സും കാമില രാജ്ഞിയും വത്തിക്കാനില്‍ വെച്ച് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+