ട്രംപ്-പുടിൻ ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് മേൽ അധിക തീരുവ; മുന്നറിയിപ്പുമായി യുഎസ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ വെള്ളിയാഴ്ച അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ച പരാജയപ്പെട്ടാൽ ഇന്ത്യക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ്. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിലവിൽ 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തുന്നത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ശതമാനം അടിസ്ഥാന തീരുവയും റഷ്യയുമായുള്ള ക്രൂഡ് ഓയിൽ വ്യാപാരത്തിന് അധികമായി 25ശതമാനം തീരുവയും ചുമത്തിയിട്ടുണ്ട്. ഈ 25 ശതമാനം അധിക തീരുവ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നല്ല രീതിയിൽ അവസാനിച്ചില്ലെങ്കിൽ ഉപരോധമോ അല്ലെങ്കിൽ തീരുവയോ ഉയരും', യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വെള്ളിയാഴ്ചത്തെ ട്രംപ്-പുടിൻ കൂടിക്കാഴ്ചയുടെ ഫലമനുസരിച്ച് റഷ്യക്കെതിരായ ഉപരോധങ്ങൾ കടുപ്പിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാമെന്നും ബെസന്റ് സൂചിപ്പിച്ചു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമാണ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ എണ്ണ ലഭിക്കുന്നുവെന്നതാണ് റഷ്യയെ ആശ്രയിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. എന്നാൽ റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിവെക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
റഷ്യൻ ക്രൂഡ് ഓയിൽ വ്യാപാരത്തിന് ചുമത്തിയ 25 ശതമാനം ദ്വിതീയ തീരുവ ഓഗസ്റ്റ് 27 നാണ് പ്രാബല്യത്തിൽ വരുന്നത്. ഇനി 21 ദിവസമാണ് ശേഷികുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ ഇരുരാജ്യങ്ങൾക്കും ചർച്ച ചെയ്ത് കാര്യങ്ങൾ പരിഹരിക്കാനുള്ള സമയം ലഭിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
യുക്രൈൻ യുദ്ധത്തിന് മുൻപ് റഷ്യയിൽ നിന്നും വളരെ കുറഞ്ഞ അളവിൽ എണ്ണ മാത്രമായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ യുഎസും യൂറോപ്യൻ യൂണിയനുമടക്കം റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ വിപണി കണ്ടെത്താൻ തങ്ങളുടെ എണ്ണ റഷ്യയ്ക്ക് കുറച്ച് വിൽക്കേണ്ടി വന്നു. ഇത് ഇന്ത്യ പ്രയോജനപ്പെടുത്തുകയായിരുന്നു.
അതിനിടെ യൂറോപ്യൻ യൂണിയനും ബെസന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക്, ദ്വിതീയ തീരുവ ചുമത്താൻ തയ്യാറാകണം, അല്ലെങ്കിൽ റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ട്രംപ് എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കരുതെന്നായിരുന്നു ബെസെന്റിന്റെ പ്രതികരണം. കൂടിക്കാഴ്ചയുടെ ഫലം എന്തുതന്നെയായാലും കർശനമായ നടപടികൾക്ക് യൂറോപ്യൻ യൂണിയന്റ് പിന്തുണ പ്രധാനമാണെന്ന് ബെസന്റ് ഊന്നിപ്പറഞ്ഞു. 'ഈ ഉപരോധങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങളോടൊപ്പം ചേരേണ്ടതുണ്ട്, ബെസന്റ് വ്യക്തമാക്കി.












Click it and Unblock the Notifications