'ആ നോട്ടത്തില്‍ എല്ലാമുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങില്‍ ഹൃദയം കവര്‍ന്ന് അമേരിക്കയുടെ സെക്കന്‍ഡ് ലേഡി ഉഷ വാന്‍സ്
വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്റെ പങ്കാളിയെ അഭിമാനത്തോടെയും പ്രണയാര്‍ദ്രമായും നോക്കുന്ന ഉഷ വാന്‍സിന്റെ ചിത്രം മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡിയായി മാറിയതോടെ വൈറ്റ്ഹൗസിലെ നിര്‍ണായക സ്വാധീനമായി ആന്ധ്രാപ്രദേശുകാരി ഉഷയും ഉണ്ടാകുമെന്ന് ഉറപ്പായി.

ജെ ഡി വാന്‍സ് ഒരു കൈയില്‍ ബൈബിള്‍ പിടിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തൊട്ടരികില്‍ ഉഷയുമുണ്ടായിരുന്നു. ബൈബിളില്‍ തന്റെ കൈ കൂടി ചേര്‍ത്ത് മറുകൈയില്‍ മകളെയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഉഷ, ഇന്ത്യ പകരുന്ന മതേതര മൂല്യങ്ങളുടെ ഉദാത്തമായ സന്ദേശമായി മാറി.
പിങ്ക് വസ്ത്രമണിഞ്ഞ് അതിമനോഹരിയായി കാണപ്പെട്ട ഉഷയുടെ സത്യപ്രതിജ്ഞാ വേളയിലെ സാന്നിധ്യത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഭാര്യയുടെയും കുട്ടികളുടെയും അമ്മയുടെയും അരികിലിരുന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടിട്ട് കണ്ണുകള്‍ നിറയുന്നില്ലേ എന്നാണ് ഒരാള്‍ 'എക്‌സില്‍' ചോദിച്ചത്.
2014-ലാണ് ഉഷ ചിലുകുരിയും വാന്‍സും വിവാഹിതരാകുന്നത്. അമേരിക്കയില്‍ അഭിഭാഷകയായി ജോലി ചെയ്യുന്ന ഉഷയുടെ കുടുംബം ആന്ധ്രാപ്രദേശില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. എയ്റോസ്പേസ് എന്‍ജിനീയറായ രാധാകൃഷ്ണ 'ക്രിഷ്' ചിലുകുരിയും മോളിക്യുലാര്‍ ബേയോളജിസ്റ്റായ ലക്ഷ്മി ചിലുകുരിയുമാണ് ഉഷയുടെ മാതാപിതാക്കള്‍.
ഹൈന്ദവ കുടുംബത്തില്‍ വളര്‍ന്ന ഉഷയ്ക്ക് ഭര്‍ത്താവിന്റെ ക്രൈസ്തവ വിശ്വാസത്തെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും കഴിഞ്ഞു എന്നതിലാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയം. ദമ്പതികള്‍ക്ക് മൂന്നു മക്കളാണുള്ളത്.
വലിയ അക്കാദമിക് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വനിതയാണ് ഉഷ. പുസ്തകപ്പുഴു എന്നാണ് ഉഷയെ കളിക്കൂട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്. യേല്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ ഉന്നത ബിരുദവും നേടി. യേലില്‍ പഠിക്കുമ്പോള്‍, ഉഷ തൊട്ടടുത്തുള്ള പ്രാഥമിക വിദ്യാലയങ്ങളില്‍ സന്നദ്ധ സേവനം നടത്തി. സ്‌കൗട്ട്‌സ് ട്രൂപ്പിന്റെ ലീഡറായി. സുപ്രീം കോടതി ജഡ്ജി ജോണ്‍ റോബര്‍ട്ട്‌സിന് കീഴില്‍ ക്ലാര്‍ക്കായി ജോലി ചെയ്തത് കരിയറില്‍ ആദ്യം തന്നെ നേട്ടമായി.
യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണ് ജെ ഡി വാന്‍സും ഉഷയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. മയക്കുമരുന്നിന് അടിമയായ അമ്മയ്‌ക്കൊപ്പം ബാല്യം ചിലവഴിക്കേണ്ടി വന്ന ജെ ഡി വാന്‍സ് ഉഷയെ തന്റെ 'ആത്മീയ വഴികാട്ടിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍വകലാശാലാ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ വാന്‍സിനെ ഉഷ സഹായിച്ചു.
വാന്‍സിന്റെ രാഷട്രീയ ജീവിതത്തിലും ഉഷ നിര്‍ണായക സ്വാധീനമായി ഒപ്പമുണ്ട്.
2016-ല്‍ അമേരിക്കയിലെ ബെസ്റ്റ് സെല്ലറായി മാറിയ ഹില്‍ബില്ലി എലിജി എന്ന ഓര്‍മക്കുറിപ്പ് രൂപപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ താഴ്ന്ന വരുമാനക്കാര്‍ നേരിടുന്ന പ്രതിസന്ധികളാണ് തന്റെ ബാല്യകാല ഓര്‍മകളിലൂടെ അദ്ദേഹം ഈ പുസ്തകത്തില്‍ അനാവരണം ചെയ്തത്.
തന്റെ സാംസ്‌കാരിക പൈതൃകത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ഉഷയുടെ മികച്ച അക്കാദമിക് റെക്കോഡ് കൂടിയാകുമ്പോള്‍ ഭാവിയില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായി മാറാനുള്ള എല്ലാ സാധ്യതകളും അവര്‍ക്കുണ്ട്. ഭര്‍ത്താവിനെക്കാള്‍ മിടുക്കിയാണ്
ഉഷയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications