പക്ഷാഘാതവും ഹൃദയാഘാതവും തടയാൻ വാക്സിൻ; നിർണായക ശാസ്ത്ര മുന്നേറ്റവുമായി ചൈന
പക്ഷാഘാതവും ഹൃദയാഘാതവും തടയുന്നതിന് വാക്സിൻ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി ചൈന. ധമനികളിൽ പ്ലാക്ക് അടിഞ്ഞ് കൂടുന്ന അവസ്ഥ തടയാൻ വാക്സിനിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. എലികളിൽ നടത്തിയ പഠനം വിജയകരമാണെന്നും ഇത് സംബന്ധിച്ച് കൂടുതൽ പഠനം ആസൂത്രണം ചെയ്യുകയാണെന്നും ചൈനീസ് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ധമനികളിൽ പ്ലാക്ക് രൂപപ്പെടുന്നത് മൂലമാണ് രക്തം കട്ടപിടിക്കുകയും ഹൃദയഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നത്.
ആതെറോസ്ക്ലെറോസിസ് എന്നാണ് ധമനികൾക്കുള്ളിൽ പ്ലാക്കിന്റെ ചെറിയ ആവരണം രൂപപ്പെടുന്ന അവസ്ഥയെ പറയുന്നത്.

മുൻപ് സ്കാനിങ്ങിലൂടെയാണ് ഇത് കണ്ടെത്തിയിരുന്നത്. നിലവിൽ ഇത്തരം സാഹചര്യങ്ങളിൽ ആൻജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകളിലൂടെയാണ് ബ്ലോക്കുകൾ നീക്കം ചെയ്യുന്നത്. രക്തക്കുഴലുകൾ തുറന്നിരിക്കാൻ സ്റ്റെന്റുകളും ഉപയോഗിക്കും. എന്നാൽ ശസ്ത്രക്രിയക്ക് പകരം വാക്സിനുകളിലൂടെ ഇത് തടയാം എന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നത്.
ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നുണ്ട്. ഓരോ 34 സെക്കൻഡിലും ഒരാൾ ഹൃദ്രോഗം മൂലം ലോകത്ത് മരിക്കുന്നുണ്ടെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്. അതുകൊണ്ട് തന്നെ ഹൃദയാഘാതവും പക്ഷാഘാതവുമെല്ലാം തടയാനുള്ള വാക്സിന്റെ കണ്ടുപിടിത്തം വളരെ വിപ്ലവകരമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ വാക്സിൻ എങ്ങനെ പ്രവർത്തിക്കും?
രോഗത്തെ തടയാൻ വാക്സിനുകൾ സഹായിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ വളരെയേറെക്കാലമായി വിശ്വസിച്ചിരുന്നത്. എന്നാൽ നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത് എലികളിൽ വാക്സിൻ ഉപയോഗിച്ചപ്പോൾ ആതെറോസ്ക്ലെറോസിസ് തടയാൻ സാധിച്ചുവെന്നാണ്. തങ്ങളുടെ നാനോ വാക്സിൻ ഡിസൈനും പ്രിക്ലിനിക്കൽ ഡാറ്റയും ആതെറോസ്ക്ലെറോസിസിനെ തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയതായി ചൈനയിലെ നാൻജിംഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
ഇൻഫ്ലമേഷൻ കുറക്കാനും ആതെറോസ്ക്ലെറോസിസിനെതിരെ രോഗപ്രതിരോധ സംവിധാനത്തെ പോരാടാനും സഹായിക്കുന്ന വിവിധ പ്രോട്ടീനുകളുടെ ഒരു ഡിജിറ്റൽ ലൈബ്രറി മുൻ പഠനങ്ങനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. അതിലൊന്നാണ് പി210 . ഇത് ആതെറോസ്ക്ലീറോസിസ് ചെറുക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ പുതിയ വാക്സിനിലും ഈ പ്രോട്ടീൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചേക്കും.
ഉയർന്ന കൊളസ്ട്രോൾ ഭക്ഷണക്രമം പിന്തുടരുന്ന എലികളിൽ വ്യത്യസ്ത വാക്സിൻ ഡിസൈനുകൾ പ്ലേക്ക് രൂപപ്പെടുന്നതും ആതെറോസ്ക്ലീറോസിസ് ഉണ്ടാകുന്നതും തടയാനും സഹായിച്ചതായി പഠനത്തിൽ പറയുന്നുണ്ട്. വാക്സിൻ ശരീരത്തിന് വേണ്ട ഘടകങ്ങൾ ആഗിരണം ചെയ്യാനും പിന്നീട് രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കാനും സഹായിച്ചു. p210 നെതിരായ ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്ന നിരവധി മാറ്റങ്ങൾ വാക്സിൻ വരുത്തിയതായും കണ്ടെത്തി.
അതേസമയം എലികളിൽ ആതെറോസ്ക്ലീറോസിസ് എത്രമാത്രം തടയാൻ നാനോ വാക്സിന് സാധിക്കുമെന്ന കാര്യമാണ് ഇനി ശാസ്ത്രജ്ഞർ പരിശോധിക്കുക. ഇതിന് കൂടുതൽ പഠനങ്ങൾ അവർ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമായത് കൊണ്ടുതന്നെ ഈ വാക്സിനുകൾ ഉടൻ വിപണിയിൽ ലഭ്യമാകില്ല.












Click it and Unblock the Notifications