വെനസ്വേലയുടെ ആയിരം കിലോ സ്വർണം അമേരിക്കയ്ക്ക്, മൾട്ടി മില്യൺ ഡോളർ നീക്കവുമായി ട്രംപ് ഭരണകൂടം
ട്രംപ് ഭരണകൂടവുമായി മൾട്ടി-മില്യൺ ഡോളർ കരാറിൽ ഒപ്പുവെച്ച് വെനസ്വേലൻ സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ മിനർവെൻ. കരാർ പ്രകാരം 1,000 കിലോഗ്രാം സ്വർണ്ണം അമേരിക്കൻ വിപണിയിലേക്ക് വിൽക്കും. ചരക്ക് വ്യാപാരം നടത്തുന്ന ട്രാഫിഗൂറക്ക് 650 മുതൽ 1,000 കിലോഗ്രാം വരെ സ്വർണ്ണ ബാറുകൾ മിനർവെൻ നൽകണമെന്നും കരാറിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ ഇടപാട് എന്നത് ശ്രദ്ധേയമാണ്. വെനസ്വേലൻ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയും, അവിടുത്തെ എണ്ണ ശേഖരങ്ങളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ കൂടുതൽ ശക്തമായി. മാർച്ച് 4ന് യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗമും വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസും കാരക്കാസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ പുതിയ കരാർ പ്രകാരം മിനർവെൻ ട്രാഫിഗുറയ്ക്ക് നൽകുന്ന സ്വർണ്ണ ഡോർ ബാറുകളിൽ 98% ശുദ്ധമായ സ്വർണ്ണം ഉണ്ടായിരിക്കണം. യുഎസ് ഗവൺമെന്റുമായുള്ള ഒരു പ്രത്യേക ധാരണപ്രകാരം, ഈ സ്വർണ്ണം ട്രഫിഗുറ യുഎസിലെ റിഫൈനറികളിലേക്ക് എത്തിക്കും. നിലവിൽ ഒരു കിലോഗ്രാം ശുദ്ധമായ സ്വർണ്ണത്തിന് ഏകദേശം 166,000 ഡോളറാണ് വില വരുന്നത്. ഒരു ബില്യൺ ഡോളറിലധികം വരുന്ന വെനസ്വേലയിലെ എണ്ണക്കരാറുകളിലും ട്രാഫിഗൂറക്ക് പങ്കാളിത്തമുണ്ട്.

"വെനസ്വേലയുടെ പ്രസിഡന്റായ ഡെൽസി റോഡ്രിഗസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, യുഎസ് പ്രതിനിധികളുമായി അവർ നന്നായി സഹകരിക്കുന്നു. എണ്ണ ഒഴുക്കാൻ തുടങ്ങിയിരിക്കുന്നു, രണ്ട് രാജ്യങ്ങൾക്കുമിടയിലെ പ്രൊഫഷണലിസവും അർപ്പണബോധവും കാണാൻ വളരെ സന്തോഷമുണ്ട്," ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മുമ്പ് വെനസ്വേലയിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട് വലിയ കള്ളക്കടത്തും അഴിമതിയും നടന്നിരുന്നതായി ഈ ഇടപാടുകളുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. "ഇപ്പോൾ വെനസ്വേലയുടെ സ്വർണത്തിൽ നിന്നുള്ള വരുമാനം നേരിട്ട് അവിടുത്തെ സർക്കാരിലേക്കും ജനങ്ങളിലേക്കും എത്തും. സ്വർണം തുർക്കിയിലേക്കോ ഇറാനിലേക്കോ പോകുന്നതിനു പകരം അമേരിക്കയിലേക്ക് വരും," അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രാജ്യത്തിന് കൂടുതൽ സുസ്ഥിരമായ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ ആഗോളതലത്തിൽ സ്വർണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനും ഉൾപ്പെട്ട സംഘർഷങ്ങൾ രൂക്ഷമായതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഈ വർഷം സ്വർണ്ണ വിലയിൽ ഏകദേശം അഞ്ചിലൊന്ന് വർദ്ധനവുണ്ടായി. ജനുവരി അവസാനം ഒരു ഔൺസിന് 5,595 ഡോളറിന് മുകളിൽ എത്തി സ്വർണം റെക്കോർഡ് ഉയരം രേഖപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച സ്പോട്ട് ഗോൾഡിന് 0.8% വർദ്ധനവുണ്ടായി, ഒരു ഔൺസിന് 5,177.33 ഡോളറിലെത്തി. ഏപ്രിൽ ഡെലിവറിക്ക് പ്രതീക്ഷിക്കുന്ന യു.എസ്. ഗോൾഡ് ഫ്യൂച്ചറുകൾ 1% ഉയർന്ന് 5,185.50 ഡോളറായി. കൂടാതെ, ദുർബലമായ ഡോളർ സ്വർണ്ണത്തിന് പിന്തുണ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡോളറിന്റെ മൂല്യം ഏകദേശം 0.4% കുറഞ്ഞത്, സ്വർണ്ണത്തെ മറ്റ് കറൻസിയിലുള്ള വാങ്ങലുകാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റി.
ഇന്ത്യൻ വിപണിയിലും സ്വർണത്തിന് വില വർധിച്ചു. എംസിഎക്സിൽ 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 1,62,542 രൂപയായി 0.6% ഉയർച്ച രേഖപ്പെടുത്തി. അതേസമയം, വെള്ളി വിലയിൽ 1.86% വർദ്ധനവുണ്ടായി, ഒരു കിലോഗ്രാമിന് 2,70,501 രൂപയായി. എണ്ണവില വർദ്ധനയും ഓഹരി വിപണിയിലെ സമ്മർദ്ദവും ഉൾപ്പെടെ നിരവധി ഘടകങ്ങൾ സ്വർണ്ണ വിലയിലെ കുതിപ്പിന് കാരണമാകുന്നുണ്ട്.
നിക്കോളാസ് മഡുറോയെ പുറത്താക്കിയതിനെയും വെനസ്വേലയുടെ വിഭവങ്ങൾ യുഎസ് നിയന്ത്രണത്തിലാക്കിയതിനെയും യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റുകളും ലിബറലുകളും വിമർശിച്ചിരുന്നു. ഇത് സാമ്രാജ്യത്വവും അഴിമതിയുമാണെന്ന് അവർ ആരോപിക്കുന്നു. എന്നിരുന്നാലും, ഈ പുതിയ കരാറുകൾ വെനസ്വേലയ്ക്ക് യുഎസ് വിപണിയിലേക്കും സ്ഥിരതയുള്ള സാമ്പത്തിക സംവിധാനത്തിലേക്കും പ്രവേശനം നൽകുന്നുവെന്ന് അനുകൂലിക്കുന്നവർ പറയുന്നു.












Click it and Unblock the Notifications