മനുഷ്യനോ അതോ കുരങ്ങനോ! മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങന്റെ വീഡിയോ വൈറലാകുന്നു...
കുരങ്ങന്റെ മൂക്കും വായയും മനുഷ്യനുമായി ഏറെ സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.
ബീജിങ്: മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിലെ ടിയാജിൻ മൃഗശാലയിൽ കഴിയുന്ന കുരങ്ങന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നേരത്തെ പറഞ്ഞതു പോലെ ഈ കുരങ്ങന്റെ മുഖം തന്നെയാണ് വീഡിയോ വൈറലാകാനുള്ള പ്രധാനകാരണം.
കുരങ്ങന്റെ മൂക്കും വായയും മനുഷ്യനുമായി ഏറെ സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. മനുഷ്യനെ പോലെയുള്ള കുരങ്ങൻ എന്ന പേരിലാണ് ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചൈനയിലെ പ്രധാന സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ വൈബോയിൽ മാത്രം ഈ വീഡിയോക്ക് ലഭിച്ചത് എട്ട് മില്യൺ വ്യൂസാണ്.

സിജിടിഎൻ എന്ന മാധ്യമമാണ് പതിനെട്ട് വയസുകാരനായ കുരങ്ങന്റെ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുരങ്ങന്റെ മുഖത്തെ സംബന്ധിച്ച് മാത്രമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. രസകരമായ വീഡിയോക്ക് താഴെ അതിനെക്കാൾ രസകരമായ ചോദ്യങ്ങളും നിറഞ്ഞിട്ടുണ്ട്. ഇത് മൃഗശാലയിലെ കാവൽക്കാരൻ അല്ലെന്ന് ഉറപ്പല്ലേ എന്നാണ് ഒരു വിരുതൻ ഈ വീഡിയോ പോസ്റ്റിന് താഴെ ചോദിച്ചിരിക്കുന്നത്. ഇവന്റെ ഭാവങ്ങൾ എന്നെ വല്ലാതെ ചിരിപ്പിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും ചൈനയിലെ സമൂഹമാധ്യമങ്ങൾ കീഴടക്കിയ ഈ കുരങ്ങൻ ഇപ്പോൾ ലോകമാകെ തരംഗമായി മാറികൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications