യുക്രൈൻ തടവുകാരന്റെ തലയറുക്കുന്ന വീഡിയോ, റഷ്യ ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ മോശമെന്ന് യുക്രൈൻ
കീവ്: റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രൈന്‍. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനേക്കാള്‍ മോശമാണ് റഷ്യയെന്ന് യുക്രൈന്‍ കുറ്റപ്പെടുത്തി. യുക്രൈന്‍ തടവുകാരനെ റഷ്യന്‍ പട്ടാളക്കാര്‍ കത്തി ഉപയോഗിച്ച് കഴുത്ത് അറത്ത് കൊലപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റഷ്യന്‍ പട്ടാളക്കാര്‍ തന്നെയാണ് കൊലപാതക വീഡിയോ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. യൂണിഫോം ധരിച്ച ഒരാള്‍ യുക്രൈന്‍ പട്ടാളക്കാരുടെ അടയാളമായ മഞ്ഞ നിറത്തിലുളള ആം ബാന്‍ഡ് ധരിച്ചിരിക്കുന്ന ആളുടെ കഴുത്ത് അറക്കുന്നതാണ് വീഡിയോ. അതേസമയം ഇത് സംബന്ധിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ യുക്രൈനില്‍ നടത്തുന്ന തങ്ങളുടെ സൈന്യം നടത്തുന്ന അതിക്രമങ്ങളെ നേരത്തെ റഷ്യ നിഷേധിച്ചിരുന്നു.

വീഡിയോ സന്ദേശനത്തില്‍ യുക്രൈന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലെന്‍സ്‌കി റഷ്യയെ രൂക്ഷമായി വിമര്‍ശിച്ചു. 'എത്ര എളുപ്പത്തിലാണ് ഈ മൃഗങ്ങള്‍ ആളുകളെ കൊല്ലുന്നത് എന്ന വസ്തുത ഈ ലോകത്തിലെ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കാത്തതാണ്. എല്ലാത്തിനും നിയമപരമായി ഉത്തരവാദിത്തമേല്‍ക്കേണ്ടി വരും. ഭീകരത തോല്‍ക്കേണ്ടത് അത്യന്താപേക്ഷികമാണ്', സെലെന്‍സ്‌കി പറഞ്ഞു.
'റഷ്യന്‍ സൈനികര്‍ ഒരു യുക്രൈന്‍ തടവുകാരന്റെ ശിരച്ഛേദം നടത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. യുഎന്‍ രക്ഷാസമിതിയെ നയിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിനേക്കാളും മോശമായ റഷ്യയാണ് എന്നത് അപലപനീയമാണ്. റഷ്യന്‍ തീവ്രവാദികളെ യുക്രൈനില്‍ നിന്നും യുഎന്നില്‍ നിന്നും ചവിട്ടി പുറത്താക്കണം. അവരുടെ കുറ്റങ്ങള്‍ക്ക് കണക്ക് പറയിപ്പിക്കണം', യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications